ഇടത് വിദ്യാർത്ഥി, യുവജനസംഘടനകളാണ് സാമ്പത്തിക മാന്ദ്യത്തിനും രൂക്ഷമായ തൊഴിലില്ലായ്മയ്ക്കുമെതിരെ വൻ പ്രതിഷേധറാലിയുമായി രംഗത്തിറങ്ങിയത്. റാലിയിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി. 

കൊൽക്കത്ത: കൊൽക്കത്ത നഗരത്തിൽ തൊഴിലില്ലായ്മയ്ക്ക് എതിരെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധം. ഹൗറയിൽ നിന്ന് നഗരമധ്യത്തിലേക്ക് കടക്കാൻ ശ്രമിച്ച റാലി പൊലീസ് തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. 

വൻപങ്കാളിത്തമുണ്ടായിരുന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. സമരക്കാരിൽ ചിലർക്ക് പരിക്കുണ്ടെന്നാണ് സൂചന. ചില മാധ്യമപ്രവർത്തകർക്കും സമരത്തിൽ പരിക്കേറ്റിട്ടുണ്ട്. 

Scroll to load tweet…
Scroll to load tweet…

എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ ചേർന്നായിരുന്നു പ്രതിഷേധറാലി സംഘടിപ്പിച്ചത്. ഇന്നലെ ഹൂഗ്ലിയിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. മാർച്ച് കൊൽക്കത്ത നഗരത്തിന് സമീപത്ത് എത്തിയപ്പോഴേക്ക് നിരവധിപ്പേരാണ് റാലിയിൽ അണിനിരന്നത്. 

'നബന്ന ചലോ' അഥവാ, നിയമസഭയിലേക്ക് പോകാം - എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. കേന്ദ്ര - സംസ്ഥാനസർക്കാരുകൾ തൊഴിലില്ലാത്ത യുവാക്കൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.

ഹൂഗ്ലിയിലെ സിംഗൂരിൽ ഉപേക്ഷിക്കപ്പെട്ട നാനോ പ്ലാന്‍റിൽ നിന്നാണ് പ്രതിഷേധപ്രകടനം തുടങ്ങിയത്. പശ്ചിമബംഗാളിൽ വീണ്ടും ശക്തി തെളിയിക്കാൻ ഇടത് പക്ഷത്തിന് ലഭിച്ച അവസരം കൂടിയാണിത്.