Asianet News MalayalamAsianet News Malayalam

ബംഗാളിൽ ഇടത് അനുഭാവികൾ ബിജെപിക്ക് വോട്ട് ചെയ്തെന്ന് യെച്ചൂരി

തങ്ങളുടെ അനുയായികൾ കൂട്ടമായി ബിജെപിക്ക് വോട്ട് ചെയ്തെന്ന് ഏതെങ്കിലും സിപിഎം നേതാവ് സമ്മതിക്കുന്നത് ഇതാദ്യമായി

Left supporters voted for BJP in Bengal, admits Sitaram Yechury
Author
Kolkata, First Published Jun 4, 2019, 11:07 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തങ്ങളുടെ അനുഭാവികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തങ്ങളുടെ അനുയായികൾ കൂട്ടമായി ബിജെപിക്ക് വോട്ട് ചെയ്തെന്ന് ഏതെങ്കിലും സിപിഎം നേതാവ് സമ്മതിക്കുന്നത് ഇതാദ്യമായാണ്. 

തൃണമൂൽ കോൺഗ്രസ്സിൽ നിന്നേറ്റ അടിച്ചമർത്തലും ഭീകരതയും മറികടക്കുക മാത്രമായിരുന്നു വോട്ടർമാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മതേതര നിലപാട് സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന ഇടതുപക്ഷ വിശ്വാസികൾ ഇത്തവണ തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്തയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ വിളിച്ചുചേർത്ത സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യെച്ചൂരി. എന്നാൽ സംസ്ഥാനത്തെ പാർട്ടി അംഗങ്ങളിലാരും ബിജെപിക്ക് വോട്ട് ചെയ്തില്ലെന്നും അനുഭാവികൾ മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ സമയത്ത് നാല് തവണ സംസ്ഥാനത്ത് എത്തിയ താൻ പാർട്ടി പ്രവർത്തകർ, "ഇക്കുറി രാമന് വോട്ട്, അടുത്ത തവണ ഇടതിന്," എന്ന മുദ്രാവാക്യം വിളിച്ചത് കേട്ടിരുന്നുവെന്നും പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യം യാഥാർത്ഥ്യമാകാത്തതല്ല തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ 39 ഇടത്തും ഇടത് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടമായി. തൃണമൂൽ കോൺഗ്രസ് 22 സീറ്റിലും ബിജെപി 18 സീറ്റിലുമാണ് ഇവിടെ വിജയിച്ചത്.

 

Follow Us:
Download App:
  • android
  • ios