Asianet News MalayalamAsianet News Malayalam

തെരുവുനായയുമായി ഏറ്റുമുട്ടി പുള്ളിപ്പുലിക്ക് ദാരുണാന്ത്യം

നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ്  പുള്ളിപ്പുലി ചത്തതെന്ന നിഗമനത്തിലാണ്  വനംവകുപ്പ് ഉദ്യോഗസ്ഥരുള്ളത്. 

leopard killed in stray dog attack in karnataka, dog later died
Author
Mandya, First Published Feb 6, 2021, 12:18 PM IST

മാണ്ഡ്യ: പുള്ളിപ്പുലി വേട്ടക്കാരനും നായ ഇരയുമാകുന്ന നിരവധി സംഭവങ്ങള്‍ വനാതിര്‍ത്തി മേഖലകളില്‍ സംഭവിക്കാറുണ്ട്. എന്നാല്‍ വനാതിര്‍ത്തി ഗ്രാമത്തിലെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിചിത്ര സംഭവമാണ് കര്‍ണാടക മാണ്ഡ്യയില്‍ നടന്നത്.വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും പിന്നീട് ചത്തു. 

നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ്  പുള്ളിപ്പുലി ചത്തതെന്ന നിഗമനത്തിലാണ്  വനംവകുപ്പ് ഉദ്യോഗസ്ഥരുള്ളത്. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോയി.  ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്. 

കന്നുകാലികളെ ആളുകള്‍ സംരക്ഷിക്കുന്ന സാഹചര്യത്തിലാകാം വന്യമൃഗങ്ങള്‍ തെരുവുനായകള്‍ക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്‍റെ നിരീക്ഷണം. സാധാരണ നിലയില്‍ തെരുവുനായകളെ ആക്രമിച്ച് വീഴ്ത്താന്‍ പുള്ളിപ്പുളികള്‍ക്ക് നിസാരമായി സാധിക്കും. നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്കും പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുരച്ച് ബഹളമുണ്ടാക്കുന്ന നായ്ക്കളെ ആക്രമിച്ച് കഴുത്തിന് പിടികൂടിയാണ് സാധാരണ ഗതിയില്‍ വന്യമൃഗങ്ങള്‍ കൊല്ലാറുള്ളത്. എന്നാല്‍ മാണ്ഡ്യയിലെ സംഭവത്തില്‍ വേട്ടക്കാരനും ഇരയും ശക്തമായി ഏറ്റുമുട്ടിയതായാണ് നിരീക്ഷണം. 

ഗ്രാമത്തിലുള്ളവര്‍ സ്ഥിരമായി ഭക്ഷണം നല്‍കുന്ന കരുത്തനായ നായയെ ഇരയാക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമമാണ് പാളിയത്. കരിയ എന്ന പേരിട്ടാണ് ഈ നാട്ടുകാര്‍ വിളിച്ചിരുന്നത്. ചെറുതാണെങ്കിലും ശക്തിയുള്ള പുള്ളിപ്പുലിയാണ് നായയോട് ഏറ്റുമുട്ടി ചത്തത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. തണുത്ത കാലാവസ്ഥയായിരുന്നതിനാല്‍ നാട്ടുകാര്‍ വാതിലുകള്‍ അടച്ചിരുന്നതിനാല്‍ നായ കുരയ്ക്കുന്ന ശബ്ദം കേട്ടെങ്കിലും ആരും പുറത്തിറങ്ങിയിരുന്നില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. നേരം പുലര്‍ന്ന ശേഷം വയലുകളിലേക്ക് പോകാനിറങ്ങിയ ആളുകളാണ് പുള്ളിപ്പുലിയുടെ മൃതദേഹവും പരിക്കേറ്റ നായയേയും കണ്ടെത്തിയത്. 

Follow Us:
Download App:
  • android
  • ios