ചിത്രകൂട് : കൊറോണ വൈറസിന്റെ ഭീതി മാറിയാൽ ഉടനെ തന്നെ ഉത്തർപ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ഉള്ളവർക്ക് ശ്രീരാമ ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഗവൺമെന്റിന്റെ മുൻകൈയിൽ ഏർപ്പാടാക്കിത്തരും എന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. "അയോധ്യയിൽ ശ്രീരാമ ക്ഷേത്രനിർമ്മാണം ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കൊവിഡിന്റെ പ്രശ്നങ്ങൾ ഉണ്ടായിപ്പോയി. ഇല്ലെങ്കിൽ, ഇപ്പോൾ തന്നെ യുപിയിലെ ഓരോ ഗ്രാമത്തിലും ഉള്ളവരെ എല്ലാവരെയും അയോധ്യയിൽ ശ്രീരാമദർശനത്തിനു കൊണ്ടുപോകാൻ വേണ്ട സംവിധാനങ്ങൾ സർക്കാർ ചെലവിൽ തന്നെ ഏർപ്പെടുത്തി തന്നിരുന്നേനെ. ഇനിയിപ്പോൾ എന്തായാലും,  കൊവിഡിന്റെ ബഹളങ്ങൾ തീരും വരെ ഒന്ന് കാത്തിരിക്കൂ. എല്ലാവരെയും ഞാൻ കൊണ്ടുപോകാം ഭഗവാൻ ശ്രീരാമന്റെ ദർശനത്തിന്, അധികം താമസിയാതെ തന്നെ." ചിത്രകൂടത്തിലെ ലാൽപൂർ ഗ്രാമത്തിൽ മഹർഷി വാല്മീകി ജയന്തി  അവസരത്തിൽ സന്ദർശനത്തിനെത്തിയപ്പോൾ അവിടെ തടിച്ചുകൂടിയ ജനാവലിയോടാണ് യോഗി ആദിത്യനാഥിന്റെ ഈ പുതിയ വാഗ്ദാനം. 

തല്ക്കാലം കോവിഡിന്റെ ഭീതി ഒന്നടങ്ങും വരെ, വാക്സിൻ എത്തും വരെ എങ്കിലും എല്ലാവരും സുരക്ഷിതരായിരിക്കണം എന്നും മുൻകരുതലുകൾ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞു.