ദില്ലി: ലോക്സഭ കക്ഷി നേതാവ് സ്ഥാനത്ത്നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി, ശശി തരൂരിനെ നിയമിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. രാജസ്ഥന്‍, പഞ്ചാബ് പിസിസിയാണ് ആവശ്യവുമായി രംഗത്തെത്തിയത്.ഇടക്കാല പ്രസിഡന്‍റിനെ തീരുമാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് രാജസ്ഥാന്‍ പിസിസി പ്രസിഡന്‍റ് സച്ചിന്‍ പൈലറ്റ്, പഞ്ചാബ് പിസിസി പ്രസിഡന്‍റ് സുനില്‍ ഝക്കര്‍ എന്നിവര്‍ തരൂരിനെ ലോക്സഭ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ടത്.

അധിര്‍ രഞ്ജന്‍ ചൗധരി പരാജയമാണെന്നും സ്ഥാനത്തിന് ശശി തരൂരാണ് കൂടുതല്‍ യോഗ്യനെന്നും ഇരുവരും വ്യക്തമാക്കി. കശ്മീര്‍ വിഷയത്തിലെ അപക്വമായ പരാമര്‍ശത്തിലൂടെ അധിര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ, അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ദേശീയമീശയാക്കണമെന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയും വിവാദമായിരുന്നു. 

ആശയപരമായി ബിജെപിയെ നേരിടാന്‍ കൂടുതല്‍ നല്ലത് ശശി തരൂര്‍ നേതാവാകുകയാണെന്നാണ് അഭിപ്രായമുയര്‍ന്നത്. എന്നാല്‍, ഇതര സംസ്ഥാന നേതാക്കളുടെ ആവശ്യം കേരളത്തിലെ എംപിമാര്‍ പിന്താങ്ങിയില്ലെന്നാണ് സൂചന.