Asianet News MalayalamAsianet News Malayalam

സ്വവർഗാനുരാഗികൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങാം, നോമിനിയാക്കാം; സർക്കുലർ പുറത്തിറക്കി കേന്ദ്രം

എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ധനമന്ത്രാലയം

LGBTQ persons can open joint bank accounts Centre says no longer any restrictions
Author
First Published Aug 30, 2024, 11:00 AM IST | Last Updated Aug 30, 2024, 11:00 AM IST

ദില്ലി: സ്വവർഗാനുരാഗികൾക്ക് (എൽജിബിടിക്യു) ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് നിയന്ത്രണമില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധമുളള വ്യക്തിയെ നോമിനിയാക്കാനും വിലക്കില്ല. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. 

2023 ഒക്ടോബർ 17-ന് സുപ്രിയ ചക്രബർത്തിയുടെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയെ സംബന്ധിച്ച പുതിയ ഉത്തരവിന് ആധാരമെന്ന് ധന മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 21 ന് എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. 

ട്രാൻസ്‌ജെൻഡേഴ്സിനെ തിരിച്ചറിയാനും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാനും 'തേർഡ് ജെൻഡർ' എന്ന പ്രത്യേക കോളം ഉൾപ്പെടുത്താൻ 2015-ൽ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. പിന്നീട് വിവിധ ബാങ്കുകൾ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി വിവിധ പദ്ധതികൾ തുടങ്ങി. ഉദാഹരണമായി 2022 ൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് മാത്രമായി 'റെയിൻബോ സേവിംഗ്സ് അക്കൗണ്ട്' പദ്ധതി ആരംഭിച്ചു. ഉയർന്ന സേവിംഗ്സ് നിരക്കുകളും ഡെബിറ്റ് കാർഡ് ഓഫറുകളും ഉൾപ്പെടെ വിവിധ ഫീച്ചറുകൾ ഈ സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്. 

2023 ഒക്‌ടോബർ 17 ലെ സുപ്രീം കോടതി വിധിക്ക് ശേഷം, എൽ ജി ബി ടി ക്യു കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിശോധിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ആറംഗ സമിതിയെ ഈ വർഷം ഏപ്രിലിലാണ് രൂപീകരിച്ചത്. എൽ ജി ബി ടി ക്യു കമ്മ്യൂണിറ്റി വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കുക, തുല്യത  ഉറപ്പാക്കുക, അതിക്രമം നേരിടുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയവയ്ക്കായുള്ള നടപടികൾ സ്വീകരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios