ലഡാക്കിൽ സംഘർഷത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിനെ ലഫ്. ഗവർണർ ന്യായീകരിച്ചു. വെടിവെപ്പ് നടന്നില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലി : ലഡാക്കിലെ സംഘർഷത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്. ഗവർണർ. സംഘർഷത്തിനിടെ പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെട്ടെനെ ലഫ് ഗവർണർ കവീന്ദ്ര ഗുപ്ത പറഞ്ഞു. അതേ സമയം സംഘടനകൾ ചർച്ചയുടെ പാതയിലേക്ക് തിരികെ എത്തണമെന്നും ലഫ് ഗവർണർ അഭ്യർത്ഥിച്ചു.
സംസ്ഥാനപദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന സംഘർഷത്തിനിടെയാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിവെച്ചത്. നാല് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നു. എന്നാൽ സുരക്ഷ സേനയുടെ ആയുധങ്ങൾ അടക്കം തട്ടിയെടുത്ത് ആക്രമം വ്യാപിക്കാൻ ആസൂത്രമായി ശ്രമങ്ങൾ നടന്നുവെന്നാണ് ലഫ് ഗവർണർ ആരോപിക്കുന്നത്. പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെട്ടെനെയെന്നും ലഫ് ഗവർണർ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ലഡാക്കിന്റെ വികസനത്തിന് ക്ഷേമത്തിനും താൻ ഉൾപ്പെടെ പ്രവർത്തിക്കുകയാണെന്നും കവീന്ദ്ര ഗുപ്ത പറഞ്ഞു.
ചർച്ചയുടെ വഴികൾ അടച്ചിട്ടില്ലെന്ന് കേന്ദ്രം
ഇതിനിടെ ലേ അപ്പക്സ് ബോഡി ഉൾപ്പെടെ ചർച്ചക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചതോടെ കാർഗിൽ ഡെമോക്രാറ്റ് അലെയൻസും ചർച്ചയിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് വിവരം. എന്നാൽ ചർച്ചയുടെ വഴികൾ അടച്ചിട്ടില്ലെന്നും ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. സമാധാനം പുനസ്ഥാപിക്കുന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള ചർച്ച അടുത്ത മാസം ആറിനാണ് നടക്കുക. ചർച്ചകളിലേക്ക് സംഘടനകളെ എത്തിക്കാൻ കേന്ദ്ര സർക്കാർ അനൌദ്യോഗിക ആശയവിനിമയം നടത്തുവെന്നാണ് വിവരം. നിലവിലെ സുരക്ഷ സാഹചര്യം കരസേനയുടെ വടക്കൻ കമാൻഡർ വിലയിരുത്തി. ലേ ടൌണിൽ പ്രഖ്യാപിച്ച് കർഫ്യൂവിൽ നാല് മണിക്കൂർ ഇളവാണ് നൽകിയത്. ജനജീവിതം സാധാരണനിലയിലാക്കാൻ കടകൾ തുറക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.



