ഇന്ത്യയും പാകിസ്ഥാനും പിറന്ന അതെ വർഷം 1947 ൽ ആയിരുന്നു ഹസീനയുടെ ജനനം. കിഴക്കൻ പാകിസ്ഥാനെ മോചിപ്പിച്ച് ബംഗ്ലദേശ് എന്ന സ്വതന്ത്ര രാഷ്ട്രം ആക്കിയ പോരാട്ടത്തിന് നേതൃത്വം നൽകിയത് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബ് റഹ്മാൻ ആണ്.
ധാക്ക: ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന നേതാവാണ് ഷെയ്ഖ് ഹസീന. രാജ്യത്തിന്റെ സ്ഥാപകൻ ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകൾ. ഇന്ത്യയും പാകിസ്ഥാനും പിറന്ന അതെ വർഷം 1947 ൽ ആയിരുന്നു ഹസീനയുടെ ജനനം. കിഴക്കൻ പാകിസ്ഥാനെ മോചിപ്പിച്ച് ബംഗ്ലദേശ് എന്ന സ്വതന്ത്ര രാഷ്ട്രം ആക്കിയ പോരാട്ടത്തിന് നേതൃത്വം നൽകിയത് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബ് റഹ്മാൻ ആണ്. ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ മുജീബ് റഹ്മാന് എല്ലാ സഹായവും നൽകിയതും അന്തിമ വിജയത്തിലേക്ക് നയിച്ചതും ഇന്ത്യയാണ്. പിതാവിന്റെ വഴി പിന്തുടർന്ന് ഹസീനയും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് എത്തി.
1975 ലെ പട്ടാള അട്ടിമറിയിൽ ഷെയ്ഖ് മുജിബുർ റഹ്മാൻ ഉൾപ്പെടെ കുടുംബത്തിലെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടപ്പോൾ, ജർമ്മനിയിലായിരുന്നു ഹസീനയും സഹോദരി രഹാനയും. ആരുമില്ലാതായ ആ സഹോദരിമാർക്ക് അന്ന് ആറു വർഷം അഭയം നൽകിയത് ഇന്ത്യയാണ്. ശത്രുക്കളുടെ കണ്ണിൽ പെടാതെ അന്ന് അവരെ ദില്ലിയിൽ ചിറകിനടിയിൽ കാത്തു ഇന്ദിരാ ഗാന്ധി. ഇന്ത്യയോടുള്ള ആ കടപ്പാട് എക്കാലവും ഹസീന ഉള്ളിൽ സൂക്ഷിച്ചു. 1981-ൽ അവർ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തി അവാമി ലീഗിന്റെ നേതൃത്വം ഏറ്റെടുത്തു. ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾക്ക് എതിരെ പോരാട്ടം നയിച്ചു. അതിവേഗം ജനകീയ പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്ക് എത്തി.
1996-ൽ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചു ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആയി. ഇന്ത്യയുമായി നിർണായക സഹകരണങ്ങളുടെ കാലം. 2001-ൽ അധികാരം നഷ്ടപ്പെട്ടെങ്കിലും 2009-ൽ വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്തി. പിന്നീട് 2024 വരെ തുടർച്ചയായി അധികാരത്തിൽ. തീവ്രവാദത്തെ അടിച്ചമർത്തുന്നതിൽ കർശന നിലപാട്, സാമ്പത്തിക വളർച്ചയ്ക്ക് സത്വര നടപടികൾ, രാജ്യത്തിനായി ഹസീന ഏറെ കാര്യങ്ങൾ ചെയ്തു. പക്ഷേ വിമർശനങ്ങളും ഉയർന്നു. ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി എന്നും രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തി എന്നും ആരോപണങ്ങൾ ഉണ്ടായി.
2014-ലെയും 2018-ലെയും തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടന്നു എന്ന പ്രതിപക്ഷ ആരോപണം അന്താരാഷ്ട്ര ശ്രദ്ധ നേടി. ഒടുവിൽ 2024-ൽ വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭം ഹസീനയുടെ പതനത്തിലേക്ക് നയിച്ചു. സൈന്യവും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് ചെറുപ്പക്കാർ കൊല്ലപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ 2024 ഓഗസ്റ്റ് 5-ന് ഹസീന പ്രാണരക്ഷാർത്ഥം ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഒരു കാലത്തും കൈ വിട്ടിട്ടില്ലാത്ത ഇന്ത്യ ഇത്തവണയും അവർക്ക് അഭയം നൽകി. ബംഗ്ലാദേശിൽ പിന്നീട് അധികാരത്തിൽ വന്ന മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഹസീനയെ വിട്ടുനൽകണം എന്നാവശ്യപ്പെട്ടപ്പോൾ കേന്ദ്രം നിലപാട് വ്യക്തമാക്കി. അഭയം തേടി വന്ന അതിഥിയെ ഇന്ത്യ കയ്യൊഴിയില്ല.

