ശ്രീനഗര്‍: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം നിലവില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. വിദേശ നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍റെ ഇടപെടല്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നടക്കം 25 രാജ്യങ്ങളിലെ പ്രതിനിധികളാണ് വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിച്ചത്. 2019 ഓഗസ്റ്റുമുതല്‍ പ്രദേശത്ത് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറിലും ജമ്മുവിലും സംഘം സന്ദര്‍ശനം നടത്തി. പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പഠിക്കാനായിരുന്നു സന്ദര്‍ശനം.

ഇന്ത്യന്‍ സര്‍ക്കാര്‍ ഗുണപരമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.  അവശേഷിക്കുന്നവ എത്രയും വേഗത്തില്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും അവിടെ തടങ്കലിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.- യൂറോപ്യന്‍ യൂണിയന്‍ വക്താവ് വിര്‍ജീനിയ ബട്ടു ഹെന്‍റിക്സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറാണ് സന്ദര്‍ശനം ഒരുക്കിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനായിരുന്നു സന്ദര്‍ശനം ഒരുക്കിയത്. രണ്ടാം തവണയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്‍ദുല്ലയും മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിലാണ്.