ബംഗളൂരു: ലോക്ക്ഡൗണിന്‍റെ മൂന്നാം ഘട്ടം മുന്നോട്ട് പോകുന്നതിനിടെ മദ്യ ഷോപ്പുകള്‍ തുറന്നതോടെ രാജ്യത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്.  മദ്യ ഷോപ്പുകള്‍ തുറന്ന തിങ്കളാഴ്ച രാത്രി ഏഴ് വരെ മാത്രം 45 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റതെന്ന് കര്‍ണാടക എക്സൈസ് വിഭാഗം അറിയിച്ചിരുന്നു.

മദ്യ ഷോപ്പുകള്‍ തുറന്ന രാവിലെ മുതല്‍ വലിയ തിരക്കാണ് കര്‍ണാടകയിലും ദില്ലിയടക്കം മറ്റ് സംസ്ഥാനങ്ങളിലും മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലുണ്ടായത്. രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഇന്ന് ഉന്തും തള്ളുമുണ്ടായി. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കണമെന്ന പ്രധാന നിര്‍ദേശത്തിനടക്കം പുല്ലുവില നല്‍കിയാണ് ആളുകള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ നിരന്നത്.  

സാമൂഹ്യ മാധ്യമങ്ങളില്‍ മദ്യ ഷോപ്പുകള്‍ക്ക് മുന്നിലെ നീണ്ട നിര വലിയ ചര്‍ച്ചാവിഷയമായി മാറി. ഇതിനിടെയാണ് 52,841 രൂപയുടെ മദ്യം വാങ്ങിയ ബില്‍ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പ്രചരിച്ചത്. വാനില സ്പിരിറ്റ് സോണ്‍ എന്ന് ബില്ലിന്‍റെ മുകളില്‍ രേഖപ്പെടുത്തിയിരുന്നു.

അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം ഒരു ബില്ലില്‍ വിറ്റതിന് വാനില സ്പിരിറ്റ് സോണ്‍ വാനില സ്പിരിറ്റ് സോണ്‍ മദ്യ ഷോപ്പിന്‍റെ ഉമടയ്ക്കെതിരെ കര്‍ണാടക എക്സൈസ് വിഭാഗം കേസെടുത്തിട്ടുണ്ട്. 35 ലിറ്റര്‍ ബിയറും 13.5 ലിറ്റര്‍ മറ്റു മദ്യവുമാണ് ഒറ്റ ബില്ലില്‍ വാങ്ങിയിരിക്കുന്നത്.

"

പുതിയ നിയമപ്രകാരം 2.6 ലിറ്റര്‍ ഇന്ത്യ നിര്‍മ്മിത വിദേശമദ്യവും അല്ലെങ്കില്‍ 18 ലിറ്റര്‍ ബിയറും മാത്രമാണ് ഒരു ദിവസം ഒരാള്‍ക്ക് നല്‍കാനാകൂ. എന്നാല്‍, കേസെടുത്തതിന് പിന്നാലെ മദ്യ ഷോപ്പ് ഉടമ മറ്റൊരു വിശദീകരണമാണ് നല്‍കുന്നത്. എട്ടംഗ സംഘം ഒരുമിച്ചാണ് മദ്യം വാങ്ങിയതെന്നും ഒരു കാര്‍ഡില്‍ നിന്ന് പണമടച്ചതിനാലാണ് ഒരു ബില്‍ നല്‍കിയതും ഉടമ പറയുന്നു. എന്നാല്‍, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് വിഭാഗം വ്യക്തമാക്കി.