മുംബൈ: ഇന്ത്യയിലാണ് വളര്‍ന്നതെങ്കിലും പാക്കിസ്ഥാനാണ് മാതൃരാജ്യമെന്ന് പ്രശസ്ത ഗായകന്‍ അദ്നാന്‍ സമിയുടെ മകന്‍ അസാന്‍ സമി. പാക്കിസ്ഥാനോടുള്ള ഇഷ്ടം വെളിപ്പെടുത്താത്തതിന് പിന്നിലെ കാരണം തന്‍റെ പിതാവാണെന്നും അസാന്‍ പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അസാന്‍ സമി ഇക്കാര്യം വെളിപ്പെടുത്തിയത്. 

'പിതാവിനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ്  ഇത്രയും നാള്‍ ഇത് പറയാതിരുന്നത്. എവിടെ ജീവിക്കണമെന്നും ഏത് രാജ്യത്തെ സ്വന്തം രാജ്യമെന്ന് വിളിക്കണമെന്നും സംബന്ധിച്ച് അദ്ദേഹത്തിന് കൃത്യമായ തീരുമാനങ്ങളുണ്ട്. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. എന്നാല്‍ പാക്കിസ്ഥാനാണ് എന്‍റെ രാജ്യം'- അസാന്‍ പറഞ്ഞു. ഇന്ത്യയില്‍ നിരവധി സുഹൃത്തുക്കള്‍ ഉണ്ട്. കൗമാര കാലഘട്ടത്തില്‍ ഒരുപാട് കാലം ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കിലും പാക്കിസ്ഥാനിലെ പ്രവര്‍ത്തന മേഖലയാണ് സ്വന്തം കുടുംബമെന്നും സംഗീതജ്ഞന്‍ കൂടിയായ അസാന്‍ കൂട്ടിച്ചേര്‍ത്തു. 

2016 ജനുവരി ഒന്നിനാണ് അദ്നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. 15 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന സമിയുടെ പാകിസ്ഥാന്‍ പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.