പാറ്റ്ന: ബീഹാറിൽ എൻഡിഎയിൽ പൊട്ടിത്തെറി. രാംവിലാസ് പസ്വാൻറെ എൽജെപി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. നിതീഷ്കുമാറിനെ എതിർക്കുമെന്നും ബിജെപി മുഖ്യമന്ത്രി വന്നാൽ പിന്തുണയ്ക്കുമെന്നും എൽജെപി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഉൾപ്പടെ നടത്തിയ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെയാണ് എൽജെപി തീരുമാനം.  

ബീഹാറിൽ ആകെയുള്ള 243ൽ 122 സീറ്റിൽ നിതീഷ്കുമാറിൻറെ ജെഡിയുവും 121ൽ ബിജെപിയും മത്സരിക്കാൻ ധാരണയായിരുന്നു. ജെഡിയു ക്വാട്ടയിൽ നിന്ന് ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ബിജെപിയുടെ സീറ്റുകളിൽ ചിലത് രാംവിലാസ് പസ്വാൻറെ ലോക്ജനശക്തി പാർട്ടിക്കും നല്കാനായിരുന്നു തീരുമാനം. നിതീഷ്കുമാറിൻറെ നേതൃത്വം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സഖ്യത്തിൽ നിന്ന് പുറത്തുവരുന്നതായി വൈകിട്ട് ചേർന്ന എൽജെപി പാർലമെൻററി ബോർഡ് പ്രഖ്യാപിച്ചു.  

നിതീഷ് കുമാറിൻറെ നേതൃത്വം അംഗീകരിക്കില്ല. ചില മണ്ഡലങ്ങളിൽ ജെഡിയുവിനെ എതിർക്കും. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുന്നു. ബിജെപി മുഖ്യമന്ത്രിക്കാവും പാർട്ടിയുടെ എംഎൽഎമാരുടെ പിന്തുണയെന്നും എൽജെപി പ്രസ്താവന പറയുന്നു. എൽജെപിയുടെ ഈ തീരുമാനം എൻഡിഎയ്ക്ക് ക്ഷീണമെങ്കിലും ബിജെപിക്ക് തിരിച്ചടിയല്ല. ജെഡിയുവിനെക്കാൾ കൂടുതൽ എംഎൽഎമാരെ വിജയിപ്പിക്കാൻ എൽജെപിയുടെ ഈ തീരുമാനം ബിജെപിയെ സഹായിച്ചേക്കും. 

മഹാരാഷ്ട്രയിലെ പോലെ പ്രധാന സഖ്യകക്ഷി തെരഞ്ഞെടുപ്പിന് ശേഷം ചേരിമാറുന്നത് തടയാൻ ആഗ്രഹിക്കുന്ന ബിജെപി ചില മണ്ഡലങ്ങളിൽ എൽജെപിയുമായി അടവുധാരണയ്ക്കും ശ്രമിച്ചേക്കും. പലവട്ടം കാറ്റിന് അനുസരിച്ച് ചാഞ്ചാട്ട നിലപാടുകൾ സ്വീകരിച്ച പാസ്വാൻ ഒരിക്കൽ കൂടി ഭാഗ്യപരീക്ഷണത്തിന് മുതിരുകയാണ്. മഹാസഖ്യത്തിലെ ഭിന്നത തീർക്കാൻ തേജസ്വി യാദവിന് കഴിഞ്ഞതിന് പിന്നാലെയാണ് എൻഡിഎയിലെ ഈ പൊട്ടിത്തെറി. ഇതോടെ സർവ്വേകൾ പറയുന്നതിനെക്കാൾ ബിഹാറിലെ പോരാട്ടം കടുക്കാൻ സാധ്യതയേറി.