തിരുവനന്തപുരം: മികച്ച ഭൂരിപക്ഷത്തിൽ തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എൽഡിഎഫ് യുഡിഎഫ് വോട്ട് കച്ചവടം നടക്കുന്നതായുളള ബിജെപിയുടെ ആരോപണം തെറ്റാണ്. ബിജെപിക്കാണ് വോട്ടുമറിച്ചുളള  പാരമ്പര്യമെന്നും ആനാവൂർ പറഞ്ഞു. 

നഗരസഭയിലേക്കുളള പ്രകടന പത്രിക  എൽഡിഎഫ് പുറക്കിറക്കി. എല്ലാവർക്കും വീട്, കൂടുതൽ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം, കൂടുതൽ സ്വീവേജ് പ്ലാന്റുകൾ എന്നിവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ കടുത്ത മത്സരമാണ് ഇക്കുറിയും. കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ 43 സീറ്റ് നേടിയാണ് ഇടത് മുന്നണി അധികാരത്തിലെത്തിയത്. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 35 സീറ്റുകളും കോൺഗ്രസിന് 21 സീറ്റുകളുമാണ് 2015ലെ തെരഞ്ഞെടുപ്പിൽ കിട്ടിയത്. 

അധികാരം നിലനിർത്താൻ യുവാക്കളുടെ നിരയെയാണ് സിപിഎം സ്ഥാനാർത്ഥികളായി രംഗത്തിറക്കിയിരിക്കുന്നത്. 

ആദ്യഘട്ടത്തിൽ തന്നെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന തിരുവനന്തപുരം നഗരസഭയിൽ ‍‍ഡിസംബർ എട്ടിനാണ് വോട്ടെടുപ്പ്. ഡിസംബർ പതിനാറിനാണ് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നത്.