ദില്ലി: കാ‌‌ർഷിക നിയമങ്ങ‌ൾക്കെതിരെയുള്ള കർഷകസമരം ശക്തമായി തുടരുന്നതിനിടെ പഞ്ചാബിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. 117 മുൻസിപ്പൽ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇതിൽ എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളും ഉൾപ്പെടും. 

കോൺഗ്രസ്, അകാലിദൾ, ബിജെപി, ആംആദ്മി പാർട്ടി എന്നിവരാണ് മത്സരരംഗത്തുള്ളത്. കാ‌ർഷികനിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വലിയ രോഷം പഞ്ചാബിൽ നിലനിൽക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ്. അകാലിദൾ സഖ്യം വിട്ടതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. എല്ലാം കൊണ്ടും ബിജെപിക്ക് ഏറെ നിർണ്ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. കർഷകസമരം മുഖ്യതെരഞ്ഞെടുപ്പ് വിഷയമായി കോൺഗ്രസ് അടക്കം ഉയർത്തിരുന്നു. ഈ മാസം 17നാണ് ഫലപ്രഖ്യാപനം. 

അതെസമയം ദില്ലി അതിർത്തികളിൽ ക‍ർഷകസമരം തുടരുകയാണ്. പുൽവാമയിൽ വീരമൃത്യും വരിച്ച സെനിക‌ർക്ക് ഇന്ന് പ്രതിഷേധസ്ഥലങ്ങളിൽ കർ‍ഷകമെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കും.  സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ കർ‍ഷകസംഘടനകളുടെ നേത്യത്വത്തിലുള്ള കിസാൻ മഹാപഞ്ചായത്ത് തുടരുകയാണ്. ഇതിനിടെ കർഷക സമരത്തിനിടെ മരിച്ച കർഷകരെക്കുറിച്ച് ഹരിയാന കൃഷിമന്ത്രി ജയ് പ്രകാശ് ദല്ലാളിന്റെ പ്രസ്താവന വിവാദമായി. സമരഭൂമിയിൽ മാത്രമല്ല വീട്ടിലാണെങ്കിലും കർഷകർ മരിക്കുമെന്ന പ്രസ്താവനയാണ് വിവാദമായത്. ഇതു വരെ ഇരുന്നൂറിലധികം കർഷകരാണ് സമരത്തിനിടെ മരിച്ചത്.