കൊൽക്കത്ത: വിലക്കയറ്റത്തിന് പിന്നാലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഉള്ളി സൗജന്യമായി നൽകി പ്രാദേശിക നേതൃത്വം. ബം​ഗാളിലെ ഡം ഡം പ്രദേശത്തെ പ്രാദേശിക ക്ലബ്ബായ ഗോരബസാർ സംഘ മിത്രയാണ് സൗജന്യമായി ഉള്ളി വിതരണം നടത്തിയത്. ഒരു കിലോ ഉള്ളി വീതം 160 കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്. 

ഉള്ളിവില കൂടുന്ന സാ​ഹചര്യത്തിൽ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് നേതൃത്വം രംഗത്തെത്തിയത്. എന്താണ് ഈ പദ്ധതി ആവിഷ്കരിക്കാൻ പ്രേരിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ "ഭക്ഷണം ആളുകളെ ഹൃദയവുമായി ബന്ധിപ്പിക്കുന്നു, ബംഗാളിയേക്കാൾ നന്നായി ആർക്കും ഇത് മനസ്സിലാക്കാൻ കഴിയില്ല" എന്നായിരുന്നു ഗോരബസാർ സംഘ മിത്രയുടെ പ്രസിഡന്റിന്റെ മറുപടി.

പാവപ്പെട്ടവർക്ക് കടകളിൽ പോയി പച്ചക്കറി വാങ്ങി ആഹാരം പാകം ചെയ്ത് കഴിക്കാൻ സാധിക്കില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പച്ചക്കറികൾ സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. ഇതാദ്യമായല്ല മിത്ര ക്ലബ് ഇതുപോലൊരു സന്നദ്ധപ്രവർത്തനം നടത്തുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഉരുളക്കിഴങ്ങിന്റെ വില കിലോഗ്രാമിന് 80 മുതൽ 90 രൂപ വരെ ഉയർന്നപ്പോൾ പാവപ്പെട്ടവർക്ക്  സൗജന്യമായി പച്ചക്കറികൾ വിതരണം ചെയ്തിരുന്നു.