അമേത്തി:  മണ്ഡലത്തിലെ വികസന മുരടിപ്പും സാധാരണക്കാര്‍ക്ക് സമീപിക്കാന്‍ കഴിയാത്തയാളാണെന്ന പ്രതീതിയും അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായെന്ന്  വിലയിരുത്തല്‍. ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിയോട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് പരാജയ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞത്. 

തങ്ങളുടെ ജനപ്രതിനിധി അപ്രാപ്യനാണെന്ന തോന്നല്‍ സാധാരണക്കാരിലുണ്ടായി. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ ഈ പ്രചാരണത്തിന് ആക്കം കൂട്ടി. എടുത്തു പറയാവുന്ന  വികസന നേട്ടങ്ങളൊന്നും മണ്ഡലത്തിലില്ല, ചുരുങ്ങിയ കാലം കൊണ്ട്  സ്മൃതി ഇറാനി നേടിയ ജനകീയത...എങ്ങനെ തോറ്റുവെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യത്തിന് നേതാക്കള്‍ നിരത്തിയ കാരണങ്ങളാണിവ. 

അമേത്തി സന്ദര്‍ശനത്തിന്  മുന്നോടിയായി തോല്‍വി വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. തോല്‍വിക്ക് ശേഷം ആദ്യമായി അമേത്തിയിലെത്തിയ രാഹുല്‍ഗാന്ധി അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ നേതാക്കളുമായി ചര്‍ച്ച  നടത്തി. കുത്തക മണ്ഡലം കൈവിട്ടതിലുള്ള കടുത്ത അതൃപ്തി  നേതാക്കളെ രാഹുല്‍ അറിയിച്ചുവെന്നാണ് സൂചന. 

2014 ലെ തോല്‍വിക്ക് ശേഷം സ്മൃതി ഇറാനി മണ്ഡലത്തില്‍ സജീവമായതുപോലെ രാഹുലും അമേത്തിയിലുണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.  സ്ഥിതിഗതികള്‍ വിലയിരുത്തി അറിയിക്കാന്‍ തക്കവണ്ണം ഒരു സംവിധാനം അമേത്തിയിലുണ്ടാകണമെന്ന്  രാഹുല്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. അമേത്തിയിലെത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നും, വീട്ടിലെത്തിയ തോന്നലാണുണ്ടായതെന്നും പിന്നീട് രാഹുല്‍ ട്വീറ്റ് ചെയ്തു. 

അതേ സമയം മന്ത്രിയായതിന് ശേഷവും സ്മൃതി ഇറാനി മണ്ഡലത്തില്‍ സജീവമാണ്. ഫലപ്രഖ്യാപനത്തിന് ശേഷം മൂന്ന് തവണ അവര്‍ അമേത്തിയിലെത്തിയിരുന്നു. തന്‍റെ താമസം അമേത്തിയിലേക്ക് മാറ്റുകയാണെന്ന് ഇക്കഴിഞ്ഞ ആറിന് നടത്തിയ സന്ദര്‍ശനത്തില്‍ സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.