ട്രാക്കിൽ നിന്നും ചക്രങ്ങൾ തെന്നിമാറി, ലോക്കൽ ട്രെയിൻ പാളം തെറ്റി, അന്വേഷിക്കുമെന്ന് അധികൃതർ; സംഭവം മുംബൈയിൽ
പൻവേലിൽ നിന്നും മുംബൈ സിഎസ്എംടിയിലേക്ക് വന്ന ട്രെയിനാണ് പാളംതെറ്റിയത്.
മുംബൈ: മുംബൈ സി.എസ്.എം.ടി സ്റ്റേഷന് സമീപം ഹാർബർ ലൈനിൽ ലോക്കൽ ട്രെയിൻ പാളംതെറ്റി. രാവിലെ 11 .45 ഓടെ വഡാലയ്ക്കും സി.എസ്.എം.ടി സ്റ്റേഷനും ഇടയിലാണ് സംഭവം. ട്രെയിനിലെ ഒരു കോച്ചിന്റെ ചക്രങ്ങൾ ട്രാക്കിൽ നിന്നും തെന്നി മാറുകയായിരുന്നു. കോച്ച് മറിയാതിരുന്നതോടെ വലിയ അപകടം ഒഴിവായി. ട്രെയിനിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. പൻവേലിൽ നിന്നും മുംബൈ സിഎസ്എംടിയിലേക്ക് വന്ന ട്രെയിനാണ് പാളംതെറ്റിയത്. പിന്നാലെ ഹാർബർ ലൈനിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സർവീസുകൾ പുനസ്ഥാപിക്കാനുളള പ്രവർത്തി തുടരുകയാണെന്നും ട്രെയിൻ പാളം തെറ്റിയ സംഭവം അന്വേഷിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.