നയാ​ഗാവ്:  വിശുദ്ധ മരമെന്ന് വിശ്വസിക്കുന്ന മഹുവാ വൃക്ഷത്തെ തൊടുന്നതിൽ നിന്നും തടഞ്ഞ പൊലീസ് ഉദ്യോ​ഗസ്ഥരെ ​ഗ്രാമീണർ ആക്രമിച്ചു. മധ്യപ്രദേശിലെ നയാ​ഗാവിലാണ് രോ​ഗങ്ങൾ മാറ്റുന്ന വിശുദ്ധ മരമെന്ന് കരുതപ്പെടുന്ന മഹുവാ വൃക്ഷമുള്ളത്. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി രോ​ഗശാന്തിക്കായി നയാ​ഗാവിലെത്തുന്നത്. മഹുവാ വൃക്ഷം നിൽക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നതിൽ തടസ്സം നിന്ന പൊലീസുകാർക്ക് നേരെ ​ഗ്രാമീണർ കല്ലെറിയുകായിരുന്നു. പതിനൊന്ന് പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോ​ഗസ്ഥർ ആശുപത്രിയിലാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ​ഗ്രാമീണർ പൊലീസുകാരെ ആക്രമിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ഘനശ്യാം മാളവ്യ വെളിപ്പെടുത്തി. 

സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് വരെ എഴുപത് കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ഈ വൃക്ഷത്തിനടുത്ത് ഭക്തർ എത്തുന്നു. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഈ മരത്തിൽ തൊട്ടത് പത്ത് ലക്ഷം പേരാണ്. ആളുകൾ ഇവിടേയ്ക്ക് വൻതോതിൽ എത്താൻ തുടങ്ങിയതോടെ മരത്തിന് സമീപം നാനൂറോളം കടകൾ ആരംഭിച്ചതായി പൊലീസ് ഉദ്യോ​ഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പൂജാസാധനങ്ങൾ, ആഹാരവസ്തുക്കൾ, പാനീയങ്ങൾ എന്നിവയാണ് ഇവിടങ്ങളിൽ പ്രധാനമായും വിൽക്കുന്നത്. അനധികൃതമായി നിർമ്മിച്ച കടകൾ നീക്കം ചെയ്തതായി പൊലീസ് ഉദ്യോ​ഗസ്ഥൻ മാളവ്യ പറഞ്ഞു. 

എല്ലാ അസുഖവും മാറ്റുന്ന രോ​ഗശാന്തി മരമെന്നാണ് ​ഗ്രാമീണർ മഹുവാ വൃക്ഷത്തെ വിശേഷിപ്പിക്കുന്നത്. അഞ്ച് ഞായറാഴ്ചകളോ അഞ്ച് ബുധനാഴ്ചകളോ ഈ വൃഷത്തെ തുടർച്ചയായി തൊട്ടാൽ എത്ര വലിയ മഹാരോ​ഗവും സുഖപ്പെടുമെത്രേ. സാത്പുര ‍‍ടൈ​ഗർ റിസർവ്വോയറിലെ സംരക്ഷിത മേഖലയ്ക്ക് സമീപമാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് പല വഴികളിലൂടെയാണ് ആളുകൾ എത്തിച്ചേരുന്നതെന്ന് പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് പലപ്പോഴും കഴിയാറില്ല.  ഈ വൃക്ഷം രോ​ഗശാന്തി മാറ്റുമെന്ന് പ്രചരിപ്പിച്ചത് രൂപ് സിം​ഗ് എന്നയാളാണ്. പത്ത് മിനിറ്റ് നേരം മരം തന്നെ വലിച്ചടുപ്പിച്ച് നിർത്തി തന്റെ അസുഖങ്ങൾ മാറ്റിയെന്നാണ് രൂപ്സിം​ഗ് പറഞ്ഞു പരത്തിയത്