Asianet News MalayalamAsianet News Malayalam

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടി; റെഡ്സോണില്‍ നിയന്ത്രണങ്ങള്‍ കടുക്കും, ഗ്രീന്‍-ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും. മെട്രോ പ്രവര്‍ത്തിക്കില്ല. അന്തര്‍സംസ്ഥാന ഗതാഗതം അനുവദിക്കില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ പ്രത്യേക ട്രെയിന്‍, ബസ് തുടങ്ങിയവ ഉപയോഗിച്ച് കൊണ്ടുവരാന്‍ സാധിക്കും

lock down extended to two weeks
Author
Delhi, First Published May 1, 2020, 6:27 PM IST

ദില്ലി: ദേശീയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ട്രെയിൻ-വിമാന സര്‍വ്വീസുകൾ, അന്തര്‍സംസ്ഥാന യാത്രകൾ എന്നിവക്കുള്ള നിയന്ത്രണം തുടരും. സ്കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കും.  
ദേശീയ ലോക്ക് ഡൗണ്‍ തുടരുമ്പോൾ രാജ്യത്തുടനീളം ആഭ്യന്തര വിദേശ വിമാന സര്‍വ്വീസുകൾക്കുള്ള നിരോധനം തുടരും.

പ്രത്യേക അനുമതിയില്ലാത്ത ട്രെയിൻ സര്‍വ്വീസുകളും ഉണ്ടാകില്ല. അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസോ പൊതുഗതാഗമോ അനുവദിക്കില്ല. മെട്രോക്കുള്ള നിയന്ത്രണം തുടരും. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്കുള്ള ജനങ്ങളുടെ അനുമതിയില്ലാത്ത യാത്രക്കും വിലക്ക് തുടരും. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും. ഹോട്ടലുകൾ സിനിമാശാലകൾ, ഷോപ്പിംഗ് മാളുകൾ, ജിമ്മുകൾ, തിയ്യേറ്റര്‍, ബാറുകൾ തുടങ്ങിയവക്കുള്ള നിരോധനവും നീക്കില്ല

 എല്ലാ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക മത ഒത്തുചേരലും നിയന്ത്രിക്കും. ആരാധനാലയങ്ങളിൽ പൊതുജനപ്രവേശനം അനുവദിക്കില്ല. ഇന്ത്യയിൽ ഉടനീളം രാത്രി ഏഴുമുതൽ രാവിലെ എഴുവരെ കര്‍ഫ്യു പ്രഖ്യാപിച്ചു. അവശ്യസേവനങ്ങൾക്കല്ലാതെ ഈ സമയത്ത് ആരും പുറത്തിറങ്ങരുത്. എല്ലാ സോണുകളിലും 65 വയസിന് മുകളിലുള്ളവര്‍, ഗുരുതര അസുഖങ്ങൾ ഉള്ളവര്‍, ഗര്‍ഭിണുകൾ പത്ത് വയസിന് താഴെയുള്ള കുട്ടികൾ എന്നിവര്‍ ചികിത്സക്കോ അനിവാര്യഘട്ടത്തിലോ അല്ലാതെ പുറത്തിറങ്ങരുത്.

പൂര്‍ണ അടച്ചുപൂട്ടൽ ആവശ്യമായ കണ്ടൈൻമെന്‍റ് മേഖലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. റെഡ് സോണുകളിൽ സൈക്കിൾ റിക്ഷ, ടാക് സി , ബസുകൾ എന്നിവ അനുവദിക്കില്ല. എന്നാൽ നിയന്ത്രണങ്ങളോടെ സ്വകാര്യ വാഹനങ്ങളിലെ യാത്രക്ക് തടസ്സമില്ല. കാറിൽ ഡ്രൈവറെ കൂടാതെ പിന്നിൽ രണ്ടുപേര്‍ക്ക് ഇരിക്കാം, മോട്ടോര്‍ ബൈക്കിൽ ഒരാൾ മാത്രം. പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾ, ഐടി സ്ഥാപനങ്ങൾ എന്നിവ റെഡ് സോണിലും തുറക്കാം. മാളുകൾ കമ്പോള കേന്ദ്രങ്ങൾ എന്നിവ ഒഴികെ കടകൾ തുറക്കാം.

ഗ്രാമീണ മേഖലയിൽ ആണെങ്കിൽ മാളുകൾ ഒഴികെ എല്ലാ കടകളും തുറക്കാം. സ്വകാര്യ ഓഫീസുകൾ മൂന്നിൽ ഒന്ന് ജീവനക്കാരുമായി തുറക്കാം. ഡെപ്യുട്ടി സെക്രട്ടറിക്ക് മുകളിലുള്ളവരുടെ ഓഫീസുകൾ 100 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. മറ്റുള്ളവക്ക് മൂന്നിൽ ഒന്ന് ജീവനക്കാര്‍ അനുവദിക്കും. ഓറഞ്ച് സോണിലും ബസ് ഗതാഗതം അനുവദിക്കില്ല.

എന്നാൽ നിയന്ത്രണത്തോട് ടാക്സി സര്‍വ്വീസ് അനുവദിക്കും. അനുമതിയോടെ ജില്ലകൾക്കിടയിലെ യാത്രയും അനുവദിക്കും. ഗ്രീൻ സോണുകളിൽ രാജ്യത്തെ പൊതു നിയന്ത്രണം മാത്രം തുടരും. ഇതിന് പുറമെ 50 ശതമാനം യാത്രക്കാരുമായി ബസുകൾ ഓടാം. 50 ശതമാനം ബസ് ഡിപ്പോകളിലെ പകുതി ബസുകളുടെ സര്‍വ്വീസ് അനുവദിക്കും. ഗ്രീൻ സോണിൽ ഓഫീസുകൾ വ്യവസായങ്ങൾ കടകൾ എന്നിവ തുറക്കാനും നിയന്ത്രണമില്ല.

 

Follow Us:
Download App:
  • android
  • ios