മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വീട്ടിലേക്ക് മടങ്ങുന്നു. മുംബൈയടക്കമുള്ള നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത്. മുംബൈ, നാസിക്, പുണെ തുടങ്ങിയ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് തിരിച്ചുപോകുന്നത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലാളികളുടെ തിരിച്ചു പോകുന്നത് റസ്‌റ്റോറന്റുകള്‍, വ്യാവസായ മേഖല, നിര്‍മ്മാണ മേഖല എന്നിവയില്‍ പ്രതിസന്ധി സൃഷ്ടിക്കും. 

കൊവിഡ് കേസ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാമെന്ന സൂചനയെ തുടര്‍ന്നാണ് തൊഴിലാളികള്‍ സംസ്ഥാനം വിടുന്നത്. മുംബൈയില്‍ മാത്രം 30ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്.