ദില്ലി: ലോക്ക് ഡൗൺ ഇളവുകൾ രാജ്യത്തെ നിര്‍മാണ - വ്യാവസായിക മേഖലകളുടെ സ്തംഭനാവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. കൂലി മുടങ്ങിയതോടെ ഭക്ഷണത്തിന് പോലും ഗതിയില്ലാത്ത സ്ഥിതിയിലാണ് തൊഴിലാളികൾ കഴിയുന്നത്.

ദില്ലിയിൽ ഭൂരിഭാഗം തൊഴിലാളികളും പട്ടിണിയിലാണ് കഴിയുന്നത്. ഭക്ഷണം കിട്ടാത്തതിനാൽ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്രസർക്കാർ നൽകിയ 500 രൂപ ധനസഹായം തീർന്നതായി നിർമ്മാണ തൊഴിലാളിയായ സംഗീത പറഞ്ഞു. കുറച്ച് ഭക്ഷണ സാധനങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നും വലിയ പ്രതിസന്ധിയാണെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി - ഹരിയാന അതിര്‍ത്തിയിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് കടുത്ത പ്രയാസം അനുഭവിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ് ഇവരിൽ ഏറെയും. എല്ലാവരും ഭക്ഷണത്തിന് നേരിടുന്ന പ്രതിസന്ധിയെ കുറിച്ചാണ് എല്ലാവരും പരാതി പറഞ്ഞത്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്ക് അരികിലെ ഇടുങ്ങിയ താൽകാലിക കൂരകളിലാണ് ഇവരിൽ പലരുടെയും താമസം. 

കുട്ടികളും സ്ത്രീകളും ഉൾപ്പടെ ഒരുപാടുപേര്‍ ഈ കൂരയിലാണ് താമസം. നിര്‍മ്മാണ തൊഴിലാളികൾക്കുള്ള സര്‍ക്കാരിന്‍റെ ആദ്യഗഡു 500 രൂപ ചിലർക്ക് കിട്ടിയത് മാത്രമാണ് ഏക സഹായം. കൊവിഡ് തീവ്രമല്ലാത്ത മേഖലകളിൽ കെട്ടിട നിര്‍മ്മാണത്തിനും വ്യവസായത്തിനും ഇളവ് നൽകിയിട്ടുണ്ട്. പക്ഷെ, കെട്ടിട നിര്‍മ്മാണവും വ്യവസായവുമൊക്കെ അധികമുള്ള പ്രധാന നഗരങ്ങളെല്ലാം ഹോട് സ്പോട്ട് ജില്ലകളിലാണ്. ഹരിയാനയിലെ ഗുഡ്ഗാവ് മേഖലയും ഹോട്ട്സ്പോട്ടിൽ ഉൾപ്പെട്ടതാണ് ദില്ലിയിലെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയത്. മെയ് മൂന്നിന് ശേഷവും ഇവിടങ്ങളിൽ ഇളവുകൾക്ക് സാധ്യതയില്ലെന്നാണ് വിവരം.