ചെന്നൈ: തമിഴ്‍നാട്ടില്‍ ലോക്ക് ഡൗണ്‍ 15 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് വിദഗ്‍ധ സമിതിയുടെ ശുപാര്‍ശ. സർക്കാർ രൂപീകരിച്ച 19 അംഗ പ്രത്യേക  മെഡിക്കൽ സംഘമാണ് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയത്. ഭരണകക്ഷിയിലെ വിവിധ പാർട്ടി നേതാക്കളും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 14 അന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍  ലോക്ക് ഡൗൺ തുടർന്നാൽ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലാകുമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ലോക്ക് ഡൗൺ ഒരു മാസം കൂടി തുടരാനാണ് തീരുമാനമെങ്കിൽ ജിഡിപി വളർച്ച നെഗറ്റീവിലെത്തുമെന്നാണ് കേന്ദ്രസർക്കാരിന് വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നത്. വളർച്ച കുത്തനെ കുറയും. അങ്ങനെയെങ്കിൽ രാജ്യത്തെ തൊഴിലവസരങ്ങൾ കുത്തനെ ഇടിയുമെന്നും, പട്ടിണി വ്യാപിക്കുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നു. 

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുക്കുന്ന പദ്ധതികള്‍ തീര്‍ത്തും അപര്യാപ്‍തമെന്നാണ്
വിവിധ മേഖലകളിലെ വിദഗ്ധരുടെ വാദം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്ത് ലക്ഷം കോടി രൂപയെങ്കിലും പ്രതിസന്ധിയെ നേരിടാന്‍  സര്‍ക്കാര്‍ പ്രഖ്യാപിക്കണെമന്നാണ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ നിലപാട്.