ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ അണ്‍ലോക്ക് 3 മാര്‍ഗനിര്‍ദേശങ്ങളിലെ ഇളവുകള്‍ നടപ്പാക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ജിമ്മുകള്‍, യോഗാകേന്ദ്രം, ഷോപ്പിങ്ങ് മാളുകള്‍, സ്കൂളുകള്‍ ഉള്‍പ്പടെ തുറക്കില്ല. രാത്രി യാത്രാ നിയന്ത്രണം തുടരും. മറ്റ് സംസ്ഥാനങ്ങളിൽ  നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും ഇ പാസ് നിർബന്ധമാക്കി.

ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗൺ നടപ്പാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് ഏഴ് മണി തുറക്കാന്‍ അനുമതിയുണ്ട്. അമ്പത് ശതമാനം ജീവനക്കാരുമായി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ആരാധനാലയങ്ങള്‍ തുറക്കില്ല .ചെന്നൈയ്ക്ക് പുറമേ മധുര, കന്യാകുമാരി, കോയമ്പത്തൂര്‍, തേനി ഉള്‍പ്പടെയുള്ള ജില്ലകളില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.

തമിഴ്നാട്ടിൽ ആറായിരത്തിന് മുകളിൽ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. 6,426 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,34,114 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 1117 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 97,575 ആയി. 82 പേരാണ് ഇന്നലെ തമിനാട്ടില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3741 ആയി.

Also Read: കൊവിഡിൽ പകച്ച് രാജ്യം; ഒരു ദിവസം അരലക്ഷത്തിലധികം രോഗികൾ, രോഗമുക്തരുടെ എണ്ണം 10 ലക്ഷം കടന്നു