ആഗോള പ്രതിസന്ധിക്കിടെ ഇന്ധനവില കൂട്ടിയതിനെ ന്യായീകരിച്ച് ബിജെപി. വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കോൺഗ്രസിനെതിരെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി കുറ്റപ്പെടുത്തി. ഇത് സർക്കാരിന്റെ കൊള്ളയാണെന്നും വിലക്കയറ്റം രൂക്ഷമാക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് തിരിച്ചടിച്ചു.

ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനെതിരെ കേന്ദ്രത്തെ വിമർശിച്ച കോൺഗ്രസിനെതിരെ ബിജെപി. ലോകം ഒരു ഊർജ്ജ പ്രതിസന്ധി നേരിടുമ്പോൾ കോൺഗ്രസ് വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ലോകത്തെ പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധന വിലയിൽ ഏകദേശം 3.5 ശതമാനം വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് വിലവർധനയെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

‘എല്ലാത്തിനെയും രാഷ്ട്രീയവൽക്കരിക്കുന്നതിൽ കോൺഗ്രസ് പാർട്ടി ലജ്ജിക്കണം! ഏത് ആഗോള പ്രതിസന്ധിയിലും രാഷ്ട്രീയ അവസരം തേടുന്ന പാർട്ടിയാണ് കോൺഗ്രസ്. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്ക് ശേഷം ബ്രെൻ്റ് ക്രൂഡ് ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയും ലോകമെമ്പാടും ഇന്ധന വില കുതിച്ചുയരുകയും ചെയ്തിട്ടും, 76 ദിവസത്തെ സ്ഥിരമായ വിലയ്ക്ക് ശേഷം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ 3.5 ശതമാനം വർധനവ് മാത്രമാണ് ഉണ്ടായത്’. പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു.

‘മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യൂ. പാകിസ്ഥാൻ: +55%, മലേഷ്യ: +56%, യുഎസ്: +45%, യുഎഇ: +52%, ചൈന: +23%, ഫ്രാൻസ്: +31%. ഇത് സാമ്പത്തിക രാജ്യസ്നേഹത്തിൻ്റെ സമയമാണ്. 140 കോടി ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ്. നിരാശാജനകമായ രാഷ്ട്രീയം കാരണം കോൺഗ്രസ് വീണ്ടും തുറന്നുകാട്ടപ്പെടുകയാണ്.’ എക്സ് പോസ്റ്റിൽ പ്രദീപ് ഭണ്ഡാരി കൂട്ടിച്ചേര്‍ത്തു. 

ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. രാജസ്ഥാനിലെ ജയ്പൂരിൽ പെട്രോൾ വില ലിറ്ററിന് 107.97 രൂപയായും ഡീസൽ വില 93.23 രൂപയായും വർധിച്ചു. രാജ്യതലസ്ഥാനത്ത് സിഎൻജി വിലയും കിലോയ്ക്ക് 79.09 രൂപയായി കൂട്ടിയിട്ടുണ്ട്.

അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെയുള്ള ഈ വർധന വിലക്കയറ്റം രൂക്ഷമാക്കുമെന്നും സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിൻ്റെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറണമെന്ന് കോൺഗ്രസ് പല തവണ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ആഭ്യന്തര ഇന്ധന വില അന്ന് കുറച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 

പ്രധാനമന്ത്രിയുടെ നല്ല സുഹൃത്തുക്കളായ യുഎസും ഇസ്രായേലും പശ്ചിമേഷ്യയിൽ അഴിച്ചുവിട്ട യുദ്ധം കാരണം അന്താരാഷ്ട്ര എണ്ണവില ഉയരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ, വാണിജ്യ എൽപിജി വില വർധിപ്പിച്ചതിന് പിന്നാലെ മോദി സർക്കാർ പെട്രോൾ, ഡീസൽ വിലയും കൂട്ടിയിരിക്കുന്നു. ഇത് ഈ സാമ്പത്തിക വർഷം 6 ശതമാനത്തിനടുത്ത് പ്രതീക്ഷിക്കുന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കും. വളർച്ചാ അനുമാനങ്ങൾ ഗണ്യമായി കുറയുമെന്നും ജയറാം രമേശ് കൂട്ടിച്ചേ‍ര്‍ത്തു.