മുംബൈ: രാജ്യത്ത് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ ധാരാവിയിൽ നിയന്ത്രണങ്ങൾ പേരിന് മാത്രം. മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ധാരാവിയിൽ കൊവിഡ് പരിശോധനയ്‌ക്കെത്തിയ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടൊപ്പം ധാരാവിയിൽ ജോലി ചെയ്ത ആറ് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധമേഖലയിൽ ജോലി ചെയ്യുന്ന കൂടുതൽ പേരിലേക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുംബൈ പൊലീസിലെ 55 വയസിന് മുകളിലുള്ളവരോടും ഏതെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവരോടും ജോലിയിൽ നിന്ന് അവധിയെടുക്കാൻ അധികൃതർ നിർദ്ദേശം നൽകി. മുംബൈയിൽ ഇതുവരെ മൂന്ന് പൊലീസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൂവരും 50 വയസിന് മുകളിൽ പ്രായമുള്ളവരായിരുന്നു. 

അതിനിടെ മഹാരാഷ്ട്രയിൽ ഗർഭിണികളെ കോവിഡ് പരിശോധന നടത്താനായി മൊബൈൽ ഡിസ്പെൻസറികൾ  ആരംഭിച്ചു. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ആണ് പദ്ധതി തുടങ്ങിയത്. കൊവിഡ്  ബാധിത പ്രദേശങ്ങളിലെ ഗർഭിണികൾക്ക് രോഗമില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനിടെ മുംബൈയിൽ മുൻസിപ്പൽ സ്കൂളുകൾ ക്വാറൻറീൻ കേന്ദ്രങ്ങൾ ആക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്. കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്. നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല സ്‌കൂൾ അധികൃതർക്കും അധ്യാപകർക്കും തന്നെ നൽകാനാണ് ആലോചന.