ഉല്‍ഹാസ്‍നഗര്‍: ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രമൊഴിച്ച് ലോക്കോപൈലറ്റ്. മുംബൈയിലെ ഉല്‍ഹാസ്‍നഗറിനും വിത്താല്‍വാഡി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. 

ഉല്‍ഹാസ്‍നഗറില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ലോക്കല്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ്  ട്രാക്കില്‍ മൂത്രമൊഴിക്കുന്നതും, സമീപത്തെ ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ കടന്ന് പോയ ശേഷം ക്യാബിനില്‍ കയറി യാത്ര തുടരുന്നതിന്‍റേയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.  സോനു ഷിന്‍ഡേ എന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിച്ച് വരികയാണെന്ന് സെന്‍ട്രല്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.