ദക്ഷിണേന്ത്യന്‍ കരുത്തായി സ്റ്റാലിനും പിണറായിയും സിദ്ധരാമയ്യയും; ഇന്ത്യാ മുന്നണിക്ക് 11 മുഖ്യമന്ത്രിമാര്‍
രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്നത് ഇന്ത്യാ മുന്നണിയുള്ളവരാണ്

ദില്ലി: രാജ്യത്തെ 27 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമാണ് നിലവില്‍ 'ഇന്ത്യാ മുന്നണി'. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ എന്‍ഡിഎയെ താഴെയിറക്കുക ലക്ഷ്യമിട്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചത്. മുമ്പുണ്ടായിരുന്ന യുപിഎയേക്കാള്‍ വൈവിധ്യം 27 പാര്‍ട്ടികളുള്ള ഇപ്പോഴത്തെ ഇന്ത്യാ സഖ്യത്തിന് അവകാശപ്പെടാം. 543 അംഗ ലോക്‌സഭയില്‍ 142 അംഗങ്ങളാണ് നിലവില്‍ ഇന്ത്യാ മുന്നണിക്കുള്ളത്. വരും ഇലക്ഷനില്‍ 272 സീറ്റുകള്‍ നേടാതെ ഇവര്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ല.
27 പാര്‍ട്ടികളുണ്ടെങ്കിലും ഇന്ത്യാ മുന്നണിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണ് രാജ്യമെമ്പാടും പറയത്തക്ക വേരോട്ടമുള്ള ഏക പാര്‍ട്ടി. ബാക്കിയെല്ലാ പാര്‍ട്ടികളും പ്രാദേശികമായാണ് കരുത്തര്‍. ഈ പ്രാദേശിക കരുത്ത് തന്നെയാണ് ഇന്ത്യാ മുന്നണിയുടെ പ്രധാന ശിലകളിലൊന്ന്. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്നത് ഇന്ത്യാ മുന്നണിയുള്ളവരാണ്.
ബിഹാര്‍- നിതീഷ് കുമാര്‍ (ജെഡിയു), ചത്തീസ്‌ഗഡ്- ഭൂപേഷ് ഭാംഗല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ദില്ലി- അരവിന്ദ് കെജ്‌രിവാള്‍ (എഎപി), ഹിമാചല്‍പ്രദേശ് സുഖ്‌വീന്ദര്‍ സിംഗ് സുഖു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ഝാര്‍ഖണ്ഡ്- ഹേമന്ത് സോറന്‍ (ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), കര്‍ണാടക- സിദ്ധരാമയ്യ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കേരള- പിണറായി വിജയന്‍ (സിപിഎം), പഞ്ചാബ്- ഭഗ്‌വന്ത് മാന്‍(എഎപി), രാജസ്ഥാന്‍- അശോക് ഗെലോട്ട് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), തമിഴ്‌നാട്- എം കെ സ്റ്റാലിന്‍ (ഡിഎംകെ), വെസ്റ്റ് ബംഗാള്‍- മമതാ ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്). ഇവയില്‍ കേരള, തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ മുന്നണിയില്‍പ്പെടുന്ന പല പാര്‍ട്ടികളും പരസ്‌പരം കൈകോര്‍ത്ത് ഭരിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യാ മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ് കേരള നിയമസഭയില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന്‍റെ മുഖ്യ പ്രതിപക്ഷമാണ് എന്ന കൗതുകവുമുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ശിവസേന (ഉദ്ധവ് താക്കറെ), എന്‍സിപി, സിപിഎം, ഐയുഎംഎല്‍, സമാജ്‌വാജി പാര്‍ട്ടി, ജമ്മു ആന്‍ഡ് കശ്‌മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐ, വിടുതലൈ ചിരുതൈകള്‍ കച്ചി, എഎപി, ഝാർഖണ്ഡ് മുക്തി മോർച്ച, കേരള കോണ്‍ഗ്രസ് (എം), ആര്‍എസ്‌പി, ആര്‍ജെഡി, ആര്‍എല്‍ഡി, എംഡിഎംകെ, സിപിഐ (എംഎല്‍) എല്‍, കേരള കോണ്‍ഗ്രസ്, അപ്നാ ദൾ (കാമറവാദി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ജമ്മു കശ്‌മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, എംഎംകെ, കെഎംഡികെ, പിഡബ്ല്യൂപിഐ എന്നീ പാര്‍ട്ടികളാണ് ഇന്ത്യാ മുന്നണിയില്‍ നിലവിലുള്ളത്.
Read more: ഇന്ത്യാ മുന്നണി: കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദത്തിലാവും; എത്ര സീറ്റ് പിടിക്കണമെന്ന് കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം