Asianet News MalayalamAsianet News Malayalam

ഇന്ത്യാ മുന്നണി: കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദത്തിലാവും; എത്ര സീറ്റ് പിടിക്കണമെന്ന് കണക്കുകള്‍

നിലവില്‍ ഇന്ത്യാ മുന്നണിയില്‍ രണ്ട് ഡസന്‍ പാര്‍ട്ടികളുണ്ടെങ്കിലും ഇവരുടെ കരുത്ത് ആ എണ്ണത്തോളം ശക്തമല്ല

Lok Sabha Election 2024 Indian National congress should win 150 plus seats to form INDIA Alliance govt jje
Author
First Published Sep 14, 2023, 12:35 PM IST

ദില്ലി: തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം അതിശക്തമാകണമെന്ന് കണക്കുകള്‍. 'എന്‍ഡിഎ'യെ നേരിടാന്‍ 'ഇന്ത്യാ മുന്നണി' എത്തിയതോടെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പോര് തീരുമാനമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാ മുന്നണി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെങ്കിലും പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് പ്രതാപത്തിലേക്ക് മടങ്ങിവരാതെ ഇന്ത്യാ മുന്നണി അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ക്ലച്ച് പിടിക്കില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. നിലവില്‍ 50 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസ് 150നടുത്ത് സീറ്റ് നേടിയില്ലെങ്കില്‍ ഇന്ത്യാ മുന്നണി ഒരു പ്രതീക്ഷയും വയ്‌ക്കേണ്ട. 

രണ്ട് ഡസന്‍ പാര്‍ട്ടി, പക്ഷേ...

നിലവില്‍ ഇന്ത്യാ മുന്നണിയില്‍ രണ്ട് ഡസന്‍ പാര്‍ട്ടികളുണ്ടെങ്കിലും ഇവരുടെ കരുത്ത് ആ എണ്ണത്തോളം ശക്തമല്ല. ഇന്ത്യാ മുന്നണിയിലെ 26 പാര്‍ട്ടികള്‍ക്കുമായി ആകെ 143 സീറ്റുകളാണ് ഇപ്പോള്‍ 543 അംഗ ലോക്‌സഭയിലുള്ളത്. അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ ലോക്‌സഭയില്‍ വേണ്ടത് 272 സീറ്റുകളും. നിലവില്‍ 50 സീറ്റുകളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഇന്ത്യാ മുന്നണിയില്‍ കരുത്തുറ്റതും കൂടുതല്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ളതുമായ പാര്‍ട്ടി. മറ്റ് പാര്‍ട്ടികള്‍ക്ക് എല്ലാം കൂടിയുള്ളത് 93 സീറ്റുകളാണ്. ഇവയില്‍ മിക്കതും പ്രാദേശിക പാര്‍ട്ടികളാണ് എന്നതിനാല്‍ അവയ്‌ക്ക് സീറ്റ് നില ഉയര്‍ത്തുക വലിയ വെല്ലുവിളിയും ഏറെക്കുറെ അസാധ്യവുമാണ്. കോണ്‍ഗ്രസിന് പുറമെ ലോക്‌സഭയില്‍ രണ്ടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ(24 സീറ്റ്), തൃണമൂല്‍ കോണ്‍ഗ്രസ്(23), ജെഡിയു(16) എന്നിവ പ്രാദേശിക പാര്‍ട്ടികളാണ്. ഡിഎംകെയ്‌ക്ക് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ത‍ൃണമൂലിന് പശ്ചിമബംഗാളിലും ജനതാദള്‍ യുണൈറ്റഡിന് ബിഹാറിലുമേ കരുത്തുറ്റ സാന്നിധ്യമുള്ളൂ. ബംഗാളിലെ 42 ഉം ബിഹാറിലെ 40 ഉം തമിഴ്‌നാട്ടിലെ 39 ഉം സീറ്റുകള്‍ ഇന്ത്യാ മുന്നണി തൂത്തുവാരിയാലും ആകെ 121 എംപിമാരെയെ ഈ പാര്‍ട്ടികള്‍ക്ക് ഇന്ത്യാ മുന്നണിയിലേക്ക് ചേര്‍ക്കാനാകൂ. 

ഇന്ത്യാ മുന്നണിയിലെ മറ്റ് പാര്‍ട്ടികളെല്ലാം അംഗങ്ങളുടെ എണ്ണത്തില്‍ നിലവില്‍ ശുഷ്‌ക്കരാണ്. ശിവസേനയ്‌ക്ക്(ഉദ്ധവ് താക്കറെ) ആറും എന്‍സിപിക്ക് നാലും സിപിഎമ്മിനും എസ്‌പിക്കും ഐയുഎംഎല്ലിനും ജമ്മു ആന്‍ഡ് കശ്‌മീര്‍ നാഷണല്‍ കോണ്‍ഫറസിനും മൂന്ന് വീതവും സിപിഐയ്ക്കും വിടുതലൈ ചിരുതൈകള്‍ കച്ചിക്കും രണ്ട് വീതവും എഎപിക്കും ഝാർഖണ്ഡ്‌ മുക്തി മോർച്ചയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനും ആര്‍എസ്‌പിക്കും ഒന്ന് വീതവും എംപിമാരാണ് ലോക്‌സഭയിലുള്ളത്. ആര്‍ജെഡി, ആര്‍എല്‍ഡി, എംഡിഎംകെ, സിപിഐ(എംഎല്‍) എല്‍, കേരള കോണ്‍ഗ്രസ്, അപ്നാ ദൾ(കാമറവാദി), ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, എംഎംകെ, കെഎംഡികെ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നിലവില്‍ ലോക്‌സഭയില്‍ ഒരംഗം പോലുമില്ല. 

ശിവസേനയും എന്‍സിപിയും മഹാരാഷ്‌ട്രയിലും എസ്‌പി യുപിയിലും കൂടുതല്‍ സീറ്റ് പിടിക്കാതെ ഇന്ത്യാ മുന്നണിക്ക് നിലനില്‍ക്കാനാവില്ല. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള(80) യുപിയില്‍ പ്രധാനപാര്‍ട്ടിയായിരുന്ന എസ്‌പിക്ക് നിലവില്‍ മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂ എന്നതാണ് വലിയ തിരിച്ചടികളിലൊന്ന്. യുപിയിലെ സീറ്റ് നില വര്‍ധിപ്പിക്കാതെ ഇന്ത്യാ മുന്നണിക്ക് മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തം. യുപി പിടിച്ചാല്‍ ഇന്ത്യ പിടിക്കാം എന്ന ആപ്തവാക്യം കാലങ്ങളായി ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളുടെ ഭാഗമാണ്. 

സംസ്ഥാനങ്ങളിലെ സാഹചര്യം

സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ നിലവില്‍ ആറിടങ്ങളിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഭരണമുള്ളത്. മണിപ്പൂര്‍, അസം, കര്‍ണാടക, ചത്തീസ്‌ഗഡ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവയാണത്. മണിപ്പൂരില്‍ രണ്ടും അസമില്‍ 14 ഉം കര്‍ണാടകയില്‍ 28 ഉം ചത്തീസ്‌ഗഡില്‍ 11 ഉം രാജസ്ഥാനില്‍ 25 ഉം ചിമാചല്‍പ്രദേശില്‍ നാലും ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇവയെല്ലാം തൂത്തുവാരിയാലും 2019ലെ പോലെ കേരളം തുണച്ചാലും കോണ്‍ഗ്രസിന് മതിയാവില്ല. രാജസ്ഥാനിലും ചത്തീസ്‌ഗഡിലും ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. ഇവിടങ്ങളിലെ ഈ ഫലവും ഇന്ത്യാ മുന്നണിയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. നിലവില്‍ സംസ്ഥാന ഭരണത്തിലുള്ള ഡിഎംകെയുടെ തമിഴ്‌നാടും ജെഡിയുവിന്‍റെ ബിഹാറും ത‍ൃണമൂലിന്‍റെ ബംഗാളും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാലും എന്‍ഡിഎയ്‌ക്ക് ഇന്ത്യാ മുന്നണി നിലവില്‍ ഭീഷണിയാവാന്‍ തരമില്ല. ഇതോടെ എല്ലാ സമ്മര്‍ദവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചുമലിലേക്ക് തന്നെ വരും. വരുന്ന തെരഞ്ഞെടുപ്പില്‍ മൂന്നക്കം തികച്ച് കുതിക്കാന്‍ കോണ്‍ഗ്രസിനായില്ലെങ്കില്‍ ബിജെപി ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലേറും എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. 

Read more: യുപി പിടിച്ചാല്‍ ഇന്ത്യ പിടിക്കാം! ഈ സമവാക്യം തന്നെയോ 2024ലും; ഇരട്ട എഞ്ചിന്‍ കരുത്തുമായി ബിജെപി

Follow Us:
Download App:
  • android
  • ios