റീകൗണ്ടിങ് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തന്നെ ലീഡ് നിലനിർത്തി. 684 വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ 984 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി രണ്ടായിരത്തിൽ താഴെ വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയിച്ചതോടെ എൽഡിഎഫ് പോസ്റ്റൽ വോട്ടുകളുടെ റീ കൗണ്ടിങ് ആവശ്യപ്പെടുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷം റീ കൗണ്ടിങ് പൂത്തിയായപ്പോൾ അടൂർ പ്രകാശ് തന്നെയാണ് വിജയിച്ചതെങ്കിലും ലീഡ് 684 വോട്ടുകളായി കുറഞ്ഞു.
Lok Sabha Election Results 2024 Highlights: നിറംമങ്ങി എൻഡിഎ, കേരളത്തിൽ യുഡിഎഫ്!

ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. തീ പാറുന്ന പോരാട്ടമാണ് രാജ്യമെങ്ങും നടക്കുന്നത്.
ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ; റീകൗണ്ടിങ് പൂർത്തിയായി
40 വർഷത്തിന് ശേഷം അലഹബാദ് തിരിച്ചുപിടിച്ച് കോൺഗ്രസ്
നാൽപത് വർഷത്തിന് ശേഷം അലഹബാദ് ലോക്സഭാ തെരഞ്ഞെടുപ്പ് തിരികെ പിടിച്ച് കോൺഗ്രസ്. 1984ന് ശേഷമാണ് അലഹബാദിൽ കോൺഗ്രസിന് വിജയം കാണാനാവുന്നത്. 58,795 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ഉജ്യൽ രാമൻ സിങാണ് ഇന്ന് അലഹബാദിൽ വിജയിച്ചത്. അവസാനമായി ഇവിടെ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സിനിമ താരം അമിതാഭ് ബച്ചനായിരുന്നു.
എൻഡിഎയിൽ തന്നെയെന്ന് ചന്ദ്രബാബു നായിഡു
എൻഡിഎയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി ചന്ദ്രബാബു നായിഡു. മോദിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് അദ്ദേഹം എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. ആന്ധ്രയിലെ ജനവിധി എൻഡിഎയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദിക്കൊപ്പം നിന്ന് ആന്ധ്രയുടെ പ്രതാപം വീണ്ടെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് നായിഡുവിന്റെ നിലപാട്.
പ്രതിപക്ഷത്തെ പരിഹസിച്ച് മോദി
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നിലെ പ്രതിപക്ഷത്തെ പരിഹസിച്ച് നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യം ഒറ്റക്ക് ജയിച്ച സീറ്റുകള്‍ ബിജെപിക്ക് ഒറ്റക്ക് നേടി. രാജ്യത്തെ ജനം ബിജെപിയിലും എന്‍ഡിഎയിലും ജനം പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും മോദി..
വൈകാരിക പ്രതികരണവുമായി കെ മുരളീധരൻ; പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുന്നു
ഇനിയൊരു മത്സരത്തിന് തത്കാലം ഇല്ലെന്നും താൻ കുരുതിയ്ക്ക് നിന്നുകൊടുക്കാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുന്നു. സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിന് പ്രധാനമന്ത്രിയെത്തി, സുനിൽ കുമാറിനായി മുഖ്യമന്ത്രി വന്നു. തനിക്ക് വേണ്ടി ആരും വന്നില്ല. ഡികെ ശിവകുമാർ വന്നത് സൂര്യൻ കത്തിനിൽക്കുമ്പോഴായിരുന്നു. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നാണെന്നും ഇനി മത്സര രംഗത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ തനിക്ക് ദുഃഖമുണ്ടാകുമായിരുന്നില്ല. എന്നാൽ താൻ മത്സരിച്ചിട്ടും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചില്ല എന്നതാണ് സങ്കടം. ലീഗിലെ എല്ലാ നേതാക്കളും തനിക്കായി വന്നുവെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസുകാരനായി നിലനിൽക്കും. തത്കാലം ഒരു കമ്മിറ്റികളിലേക്കും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ ബിജെപി തോറ്റു
അയോധ്യ ഉള്‍പ്പെടെന്ന ഉത്തർപ്രദേശിലെ ഫൈസബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് തോല്‍വി. സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി അവ്ദേഷ് പ്രസാദ് ഇവിടെ നിന്ന് വിജയിച്ചു. 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമാജ്‍വാദി പാർട്ടിയുടെ വിജയം.
ആറ്റിങ്ങലിൽ റീകൗണ്ടിങ്
ഫോട്ടോ ഫിനിഷിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളുടെ റീകൗണ്ടിങ് നടക്കും. എൽഡിഎഫ് റീ കൗണ്ടിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഏത് മണ്ഡലത്തിൽ തുടരുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സാഹചര്യത്തിൽ ഏത് മണ്ഡലത്തിൽ തുടരുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടിലൊരു മണ്ഡലത്തിൽ മാത്രമേ തുടരാൻ സാധിക്കൂ എന്നും അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത്
കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് വോട്ടു ചെയ്ത പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിൽ അദ്ദേഹം മൂന്നാം സ്ഥാനത്ത്. ഇവിടെ എൻ.കെ പ്രേമചന്ദ്രൻ - 427 വോട്ടുകളും ബിജെപി സ്ഥാനാർത്ഥിജി. കൃഷ്ണകുമാർ - 275 വോട്ടുകളും നേടിയപ്പോൾ മുകേഷിന് 181 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വന്തം മണ്ഡലത്തിലും മുകേഷിന് തിരിച്ചടിയാണ് ലഭിച്ചത്. കൊല്ലം നിയമസഭാ മണ്ഡലത്തിൽ മാത്രം 23792 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് ലഭിച്ചു.
ഭൂരിപക്ഷം ഉയർത്തി എൻ.കെ പ്രേമചന്ദ്രൻ
കൊല്ലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒന്നരലക്ഷത്തിന് മുകളിലെത്തി. 1,50,302 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ എൻ.കെ പ്രേമചന്ദ്രന് ലഭിച്ചത്. ഇത് മണ്ഡലത്തിൽ പ്രേമചന്ദ്രന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ്.
മോദി രാജിവെക്കണമെന്ന് മമത ബാനർജി
മോദിക്ക് ധാർമികപരമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് മമതാ ബാനർജി. അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്തു. ഉദ്ദവ് താക്കറെ, കെജ്രിവാള്‍, ശരത് പവാർ എന്നിവരുമായി താന്‍ സംസാരിച്ചു. ടിഡിപിയേയും ജെഡിയുവിനെയും ഊന്നുവടികളായി ഉപയോഗിക്കുകയാണ് ബിജെപി. കഴിയാവുന്ന എല്ലാ സഖ്യകക്ഷിനേതാക്കളുമായും ചർച്ച നടത്തുമെന്നും മമത പറഞ്ഞു.
മോദിക്കും അമിത്ഷാക്കുമെതിരായ പോരാട്ടമായിരുന്നെന്ന് രാഹുൽ ഗാന്ധി
ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്ന മോദിക്കും, അമിത് ഷാക്കുമതിരായ പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഭരണഘടന സ്ഥാപനങ്ങളെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടം. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കും, കോൺഗ്രസ് നേതാക്കൾക്കും, പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദിയെന്നും ഈ രാജ്യത്തെ തകർക്കാൻ മോദിയേയും, അമിത് ഷായേയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിജയം സമ്മാനിച്ചത് സാധാരണക്കാരാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദി. കോൺഗ്രസ് എന്നും ഒപ്പമുണ്ടാകും. നാളെ ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേർന്ന് തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷത്തിരിക്കാൻ തയ്യാറെന്ന് സൂചിപ്പിച്ച് ഖാർഗെ
ലോക്സഭാ തെരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമെന്ന് മല്ലികാർജുൻ ഖാർഗെ. മോദിയും ജനങ്ങളും തമ്മിലായിരുന്നു പോരാട്ടം. ജനങ്ങൾ തിരസ്കരിച്ചു. വിധി മോദിക്കെതിരാണ്. ബിജെപിയുടെ മുഖത്തെ ജനം തള്ളിപ്പറഞ്ഞു. ഇത് മോദിയുടെ പരാജയമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം ഫലപ്രദമായിരുന്നു. ജനകീയ വിഷയങ്ങളാണ് അവതരിപ്പിച്ചത്. എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയെ പോലും മോദി അപമാനിച്ചു. രാഹുലിന്റെ യാത്രകൾ ജനങ്ങൾ സ്വീകരിച്ചു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഭരണഘടനയെ തകർക്കാനുള്ള നീക്കത്തിന് കിട്ടിയ അടിയാണിത്.
നിയമവാഴ്ചയെ വെല്ലുവിളിച്ച് നേതാക്കളെ ജയിലിലടക്കുന്നതിനുള്ള മറുപടിയാണ്. ഭരണഘടനയെ രക്ഷിക്കാൻ സമാന മനസ്കരുമായി വരും ദിവസങ്ങളിൽ കൈകോർക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
അമിത് ഷായ്ക്ക് 7,44,716 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം
ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ മത്സരിച്ച ബിജെപി നേതാവ് അമിത് ഷാ വിജയിച്ചു. 7,44,716 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2019ൽ 5,56,390 ആയിരുന്ന ഭൂരിപക്ഷമാണ് അദ്ദേഹം ഉയർത്തിയത്. ഭറൂച്ചിൽ ആംആദ്മി സ്ഥാനാർത്ഥി ചൈതർവസാവ തോറ്റു. ബനസ്കന്ധയിൽ കോണ്ഗ്രസ് സ്ഥാനാർത്ഥി ഗെനിബെൻ ഠാക്കൂർ ജയമുറപ്പിച്ചു.
മധുരയിൽ സിപിഎമ്മിന് വിജയം
തമിഴ്നാട്ടിലെ മധുരയിൽ സിപിഎം സ്ഥാനാർത്ഥി എസ് വെങ്കിടേഷൻ ജയിച്ചു. 2,00,847 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. മധുരയിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് വേണ്ടി മത്സരിച്ച രാമ ശ്രീനിവാസൻ 2,17,653 വോട്ടുകൾ നേടി. എഐഎഡിഎംകെ സ്ഥാനാർത്ഥി പി ശരവണൻ മൂന്നാം സ്ഥാനത്താണ്.
തമിഴ്നാട്ടിൽ എൻഡിഎയുടെ തകർച്ച പൂർണം
സംസ്ഥാനത്ത് എൻഡിഎയുടെ അവസാന പ്രതീക്ഷയായിരുന്ന ധർമംപുരിയിലും ഡിഎംകെ സ്ഥാനാർത്ഥി ജയിച്ചു. ഇവിടെ എൻഡിഎയുടെ സൗമ്യ അൻപുമണി 20,000 വോട്ടിനാണ് തോറ്റത്. ഇതോടെ തമിഴ്നാട്ടിൽ ഒരു സീറ്റിലും ബിജെപിക്കും എൻഡിഎയ്ക്കും വിജയിക്കാനായില്ല.
വരാണസിയിൽ മോദി ജയിച്ചു; ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വരാണസി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1,52,513 വോട്ടിന്റെ ഭൂരിപക്ഷമാണ് മോദിക്ക് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 3,26,992 വോട്ടുകളുടെ കുറവാണ് മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് പി.സി.സി പ്രസിഡന്റുമായ അജയ് റായാണ് വലിയ മത്സരം കാഴ്ച വെച്ച് മോദിയെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തളച്ചത്. മോദി 6,12,970 വോട്ട് പിടിച്ചപ്പോള്‍ അജയ് റായ് 4,60,457 വോട്ട് പിടിച്ചു
അപരന്മാരെ നിർത്തി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് അടൂർ പ്രകാശ്
ആറ്റിങ്ങലിൽ തനിക്ക് അപരന്മാരെ നിർത്തി തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. എതിർ സ്ഥാനാർഥിയുടെ പേരിൽ എനിക്കും അപരന്മാരെ നിർത്താമായിരുന്നു. എന്നാൽ രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് അതുത് ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിലധികം വോട്ടുകളാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച അടൂർ പ്രകാശിന്റെ അപരന്മാർ നേടിയത്.
ഫോട്ടോ ഫിനിഷിനൊടുവിൽ ജയിച്ചുകയറി അടൂർ പ്രകാശ്
കടുത്ത മത്സരം നടന്ന ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 1708 വോട്ടുകൾക്ക് ജയിച്ചു. ഇടതു സ്ഥാനാർത്ഥി വി ജോയിയുമായി അവസാന ഘട്ടം വരെ ശക്തമായ മത്സരമാണ് അടൂർ പ്രകാശ് നടത്തിയത്. ലീഡ് നിലകൾ പലതവണ മാറി മറിഞ്ഞു.
തോൽവി അംഗീകരിക്കുന്നു; പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ
തെരഞ്ഞെടുപ്പിലെ വലിയ തോൽവി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദൻ. തോൽവി അംഗീകരിക്കുന്നു. പരിശോധിച്ച് പാർട്ടി മുന്നോട്ടുപോകും. തൃശ്ശൂരിൽ കോൺഗ്രസിന് കുറഞ്ഞ ഒരുലക്ഷത്തോളം വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. അത് അംഗീകരിക്കുന്നു. സർക്കാർ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. സ്ഥാനാർത്ഥി നിർണയവും പ്രചരണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും എം.വി ഗോവിനന്ദൻ പറഞ്ഞു.