Asianet News MalayalamAsianet News Malayalam

ഷോക്കേറ്റ് ഇരുകൈകളും നഷ്‌ടമായി, അവശേഷിക്കുന്ന ഒറ്റ കാല്‍വിരല്‍ കൊണ്ട് വോട്ട് ചെയ്‌ത് സമ്മതിദായന്‍

ജനാധിപത്യത്തില്‍ ഒരു വോട്ട് എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്നു എന്ന് തെളിയിക്കുന്നതായി ഈ കാഴ്‌ച

Lok Sabha Elections 2024 Phase 3 Ankit Soni casts vote through his feet at a polling booth in Nadiad
Author
First Published May 7, 2024, 6:09 PM IST

അഹമ്മദാബാദ്: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 93 മണ്ഡലങ്ങളിലേക്ക് നടക്കുന്ന മൂന്നാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്നാണ്. ഗുജറാത്താണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്ന്. ഗുജറാത്തിലെ ഒരു പോളിംഗ് ബൂത്തില്‍ ഇരു കൈകളുമില്ലാത്ത സമ്മതിദായകന്‍ തന്‍റെ കാലുകൊണ്ട് വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് ദിനം ശ്രദ്ധേയനായി. ജനാധിപത്യത്തില്‍ ഒരു വോട്ട് എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്നു എന്ന് തെളിയിക്കുന്നതായി ഈ കാഴ്‌ച. 

വൈദ്യുതി ഷോക്കേറ്റ് 20 വര്‍ഷം മുമ്പ് ഇരു കൈകളും നഷ്‌ടപ്പെട്ട അങ്കിത് സോണി എന്നയാളാണ് നദ്യാദിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. കൈകള്‍ക്ക് പുറമെ ഷോക്കേറ്റ് ഇദേഹത്തിന്‍റെ കാല്‍വിരലുകളുടെ ഭാഗങ്ങളും നഷ്‌ടമായിരുന്നു. കൈകളില്ലാത്തയാള്‍ എങ്ങനെ വോട്ട് ചെയ്യും എന്ന് സംശയമുന്നയിച്ചവര്‍ക്ക് മുന്നില്‍ തന്‍റെ ഒരു കാലുയര്‍ത്തി അവശേഷിക്കുന്ന ഒറ്റ വിരല്‍ കൊണ്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ അങ്കിത് വിലയേറിയ വോട്ട് രേഖപ്പെടുത്തി. ഇതിന് ശേഷം ഇതേ കാല്‍വിരലില്‍ തന്നെയാണ് അങ്കിത് സോണിക് ബൂത്തിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഷി പുരട്ടി നല്‍കിയത്.

ഭിന്നശേഷിക്കാരനായ അങ്കിത് സോണി വോട്ട് രേഖപ്പെടുത്തുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണം എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭ്യര്‍ഥിക്കുകയും ചെയ്തു അങ്കിത്. ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും അങ്കിത് സോണി ബിരുദവും എംബിഎയും സ്വന്തമാക്കി എന്ന സവിശേഷതയുമുണ്ട്. 

അതേസമയം രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. ആറ് മണിക്ക് പോളിംഗ് അവശേഷിക്കുമെന്നിരിക്കേ അഞ്ച് മണി വരെ ആകെ 60 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 66.71 ആയിരുന്നു ആകെ പോളിംഗ് ശതമാനം. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ കാര്യമായ ഉയർച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.

Read more: മോദിയുടെ കോലം കത്തിക്കുന്നതിനിടെ കോണ്‍ഗ്രസുകാരുടെ മുണ്ടിന് തീപ്പിടിച്ചു എന്ന പ്രചാരണം വ്യാജം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios