1999ല്‍ 16.45 കോടി വനിതാ വോട്ടർമാരാണ് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024 ഏഴ് ഘട്ടമായി വിപുലമായാണ് രാജ്യത്ത് നടക്കുന്നത്. 96 കോടിയിലധികം വോട്ടർമാരാണ് ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ യോഗ്യർ എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക്. ഇവരില്‍ 47.1 കോടി പേർ സ്ത്രീകളാണ്. 2004 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ വനിതാ വോട്ടർമാരുടെ എണ്ണത്തില്‍ വലിയ വളർച്ചയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
1999ല്‍ 16.45 കോടി വനിതാ വോട്ടർമാരാണ് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. ഇത് 2004 ആയപ്പോഴേക്ക് 17.27 കോടിയിലേക്കും 2009ല്‍ 19.10 കോടിയിലേക്കും എത്തി. പിന്നീടങ്ങോട്ട് വലിയ വളർച്ചയാണ് വനിതാ വോട്ടർമാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 26.02 കോടിയും 2019ല്‍ 29.46 കോടിയുമായി. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ വനിതാ വോട്ടർമാരുടെ എണ്ണം സർവകാല റെക്കോർഡിടും. പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 49.7 കോടി പുരുഷന്‍മാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടർ പട്ടികയിലുള്ളത്. അന്തിമ പട്ടികയും കണക്കുകളും വരുമ്പോഴേക്ക് ഈ സംഖ്യകള്‍ കുറച്ചുകൂടി ഉയരും.
ജനസംഖ്യയിലെ മാറ്റങ്ങള്‍ക്കൊപ്പം വോട്ടിംഗ് പ്രക്രിയയിലെ പങ്കാളിത്തം വർധിപ്പിക്കാനുള്ള നടപടികളും ബോധവല്‍ക്കരണവും രാജ്യത്തെ സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്.

2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടിംഗ് നടക്കും. രാജ്യത്തെ 543 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 16ന് 17-ാം ലോക്‌സഭയുടെ കാലാവധി അവസാനിക്കും.
