പൊതു തെരഞ്ഞെടുപ്പ് 2024ല്‍ ഉത്തരാഖണ്ഡ് ഒറ്റഘട്ടമായി ഏപ്രില്‍ 19നാണ് പോളിംഗ് ബൂത്തിലെത്തുന്നത്

ഡെറാഡൂണ്‍: പോളിംഗ് ബൂത്തിലേക്ക് കൂടുതല്‍ വോട്ട‍ര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമങ്ങളുമായി ഉത്തരാഖണ്ഡ്. വോട്ട് ചെയ്ത ശേഷം ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ബില്ലിന്‍റെ 20 ശതമാനം കിഴിവാണ് ഉത്തരാഖണ്ഡ് ഹോട്ടല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ദേശീയമാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

പൊതു തെരഞ്ഞെടുപ്പ് 2024ല്‍ ഉത്തരാഖണ്ഡ് ഒറ്റഘട്ടമായി ഏപ്രില്‍ 19നാണ് പോളിംഗ് ബൂത്തിലെത്തുന്നത്. അന്നേദിനം വൈകിട്ട് മുതല്‍ തൊട്ടടുത്ത ദിവസം ഏപ്രില്‍ 20 വരെയാണ് ഉത്തരാഖണ്ഡ് ഹോട്ടല്‍ റസ്റ്റോറന്‍റ് അസോസിയേഷന് കീഴിലുള്ള ഭക്ഷണശാലകളില്‍ വ്യത്യസ്ത ഓഫര്‍ വോട്ട‍മാര്‍ക്ക് ലഭ്യമാവുക. വോട്ട് ചെയ്ത് എത്തുന്നവര്‍ക്ക് ഭക്ഷണത്തിന്‍റെ ബില്ലില്‍ 20 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും അസോസിയേഷനും എംഒയു ഒപ്പുവച്ചു. 

'ഏപ്രില്‍ 19ന് വോട്ടിംഗിന് ശേഷം 20-ാം തിയതി വരെ അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളില്‍ എത്തി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ബില്ലിന്‍റെ 20 ശതമാനം കിഴിവ് ലഭിക്കും. വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് ഈ നീക്കം. ഓഫര്‍ ലഭിക്കാന്‍ ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും എത്തുമ്പോള്‍ മഷി പുരണ്ട വിരല്‍ കാണിച്ചാല്‍ മാത്രം മതിയാകും' എന്നും ഉത്തരാഖണ്ഡ് ഹോട്ടല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സന്ദീപ് സാഹ്നി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറ‍ഞ്ഞു. 

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ മറ്റ് നിരവധി അസോസിയേഷനുകളും സംഘടനകളും പ്രവര്‍ത്തനസജ്ജരായി രംഗത്തുവന്നിട്ടുണ്ട് എന്നാണ് അഡീഷനല്‍ ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ വിജയ് കുമാര്‍ ജോഗ്ഡാണ്ഡെ പറയുന്നത്. ഇത്തരത്തില്‍ ഉത്തരാഖണ്ഡ് ഹോട്ടല്‍ റസ്റ്റോറന്‍റ് അസോസിയേഷന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു എന്ന് അദേഹം പറഞ്ഞു. അഞ്ച് ലോക്സഭ സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ 2019ല്‍ 61.48% മാത്രമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. 

Read more: വോട്ട‍ര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാം, എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത് എന്നും- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം