ഇതിനിടെ, ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മഹാരാഷ്ട്ര കോൺഗ്രസ് നേതൃയോഗം ഇന്ന് ദാദറിലെ പാർട്ടി ആസ്ഥാനത്ത് ചേരും
ദില്ലി:ദില്ലിയിലെ ആംആദ്മി പാർട്ടി കോൺഗ്രസ് സഖ്യം ഇന്ന് പ്രഖ്യാപിക്കും. ആകെ ഏഴ് സീറ്റിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കാനാണ് ധാരണ. നാലു സീറ്റുകൾ വേണം എന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം തയ്യാറായെന്നാണ് സൂചന. എന്നാൽ പഞ്ചാബിൽ സഖ്യം ഉണ്ടാകില്ല. ഇന്നലെ ഉത്തർപ്രദേശിൽ കോൺഗ്രസ് സമാജ് വാദി പാർട്ടി സഖ്യം ഇരുപാർട്ടികളും പ്രഖ്യാപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സഖ്യങ്ങളിൽ ധാരണയായ ശേഷം ഇന്ത്യ സഖ്യ യോഗം ദില്ലിയിൽ ചേരുമെന്നും നേതാക്കൾ പറഞ്ഞു.
ഇതിനിടെ, ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മഹാരാഷ്ട്ര കോൺഗ്രസ് നേതൃയോഗം ഇന്ന് ദാദറിലെ പാർട്ടി ആസ്ഥാനത്ത് ചേരും. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം. ശനിയാഴ്ച നടക്കുന്ന മഹാവികാസ് അഘാഡി യോഗത്തിന് മുന്നോടിയായി കോൺഗ്രസിന്റെ സ്ഥാനാർത്ഥിനിർണയം പൂർത്തിയാക്കാൻ ആണ് ധാരണ. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകൾ ഉദ്ധവ് വിഭാഗം ശിവസേനയും എൻസിപി പവാർ വിഭാഗവും ആവശ്യപ്പെട്ടതടക്കം യോഗത്തിൽ ചർച്ചയാകും. കൂടുതൽ നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യത്തിൽ ബൂത്ത് തലത്തിൽ പ്രവർത്തകരെ കൂടുതൽ സജീവമാക്കാനാണ് പാർട്ടി നീക്കം.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നും നാളെയും യാത്ര ഉണ്ടാവില്ലെന്ന് കോൺഗ്രസ് അറിയിച്ചു. യുപിയിലെ കാൺപൂരിലാണ് രാഹുലിൻറെ യാത്ര ഇന്നലെ അവസാനിച്ചത്. ഇനി ശനിയാഴ്ച മൊറാദാബാദിൽ നിന്ന് യാത്ര വീണ്ടും തുടങ്ങും. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ശനിയാഴ്ച യാത്രയിൽ പങ്കെടുക്കാനാണ് സാധ്യത. ഇരുപത്തിയാറ് മുതൽ മാർച്ച് ഒന്ന് വരെ യാത്ര നിർത്തിവയ്ക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നേരത്തെ ഏറ്റിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ 26ന് പോകും. രാഹുൽ 29ന് മടങ്ങിയ ശേഷം സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പാർട്ടി യോഗം ദില്ലിയിൽ ചേരുമെന്നും നേതാക്കൾ സൂചിപ്പിച്ചു.

