Asianet News MalayalamAsianet News Malayalam

ലോക്സഭ തെരഞ്ഞെടുപ്പ്; ​ഗാന്ധി കുടുംബത്തിന്റെ മത്സരത്തിൽ ചർച്ച സജീവം, അമേഠി രാഹുലിന് സുരക്ഷിതമല്ലെന്ന് സൂചന

തെരഞ്ഞെടുപ്പ് സമിതികള്‍, കോര്‍ഡിനേറ്റര്‍മാര്‍, വാര്‍ റൂം അങ്ങനെ മറ്റ് പാര്‍ട്ടികളേക്കാള്‍ ഒരു മുഴം മുന്നേ ലോക് സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു കോണ്‍ഗ്രസ്. ഇന്ത്യ സഖ്യത്തിലെ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയും തുടങ്ങി കഴിഞ്ഞു.

Lok Sabha Elections debate active Gandhi family sts
Author
First Published Jan 14, 2024, 10:14 AM IST

ദില്ലി: ഫെബ്രുവരിയോടെ സ്ഥാനാര്‍ത്ഥികളെപ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിലേക്ക് നേരത്തെ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. അതിനിടെ ഗാന്ധി കുടുംബത്തിന്‍റെ മത്സര സാധ്യതകളിൽ ചര്‍ച്ച സജീവമായി തുടരുന്നു. രാഹു‍ല്‍ ഗാന്ധി വയനാട്ടില്‍ തന്നെയെന്ന് ഉറപ്പിക്കുമ്പോൾ, വടക്കേ ഇന്ത്യയില്‍ നിന്ന് കൂടി മത്സരിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. സോണിയാ ഗാന്ധി റായ്ബറേലിയില്‍ ഒരു വട്ടം കൂടി മത്സരിക്കുമെന്നാണ്  സൂചന. രാജ്യസഭയും പരിഗണനയിലുണ്ട്.

തെരഞ്ഞെടുപ്പ് സമിതികള്‍, കോര്‍ഡിനേറ്റര്‍മാര്‍, വാര്‍ റൂം അങ്ങനെ മറ്റ് പാര്‍ട്ടികളേക്കാള്‍ ഒരു മുഴം മുന്നേ ലോക് സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു കോണ്‍ഗ്രസ്. ഇന്ത്യ സഖ്യത്തിലെ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയും തുടങ്ങി കഴിഞ്ഞു. സിറ്റിംഗ് എംപിമാര്‍ തന്നെ അതാത് മണ്ഡലങ്ങളില്‍ മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശത്തിനാണ് മേല്‍ക്കൈ. എങ്കിലും പാര്‍ട്ടിയുടെ സര്‍വേയും തെരഞ്ഞെടുപ്പ് തന്ത്ര‍ഞ്ജന്‍ കനുഗോലുവിന്‍റെ റിപ്പോര്‍ട്ടും പരിഗണിക്കും. 

വയനാട് രാഹുല്‍ ഗാന്ധിക്ക് സുരക്ഷിത മണ്ഡലമാകുമ്പോള്‍ തന്നെ ഇന്ത്യ സഖ്യത്തിന്‍റെ പോരാട്ടത്തില്‍ വടക്കേ ഇന്ത്യയില്‍ നിന്ന് കൂടി മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. അമേഠി ഇക്കുറിയും സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്ക് ഭരണമുള്ള സംസ്ഥാനങ്ങളില്‍ പോലും കഴിഞ്ഞ തവണ മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസിന്‍റേത്. അതുകൊണ്ട് തന്നെ രാഹുലിന്‍റെ രണ്ടാമത്തെ മണ്ഡലത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഗാന്ധി കുടംബത്തിന്‍റെ കുത്തക മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധി വീണ്ടും മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ റായ്ബേറലിയിലെ സമവാക്യങ്ങളില്‍ മാറ്റം വന്നാല്‍ അത് വലിയ തിരിച്ചടിയാകും. തെലങ്കാന ഘടകം അവിടെ നിന്ന് സോണിയ ലോക് സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം മുന്‍പോട്ട് വച്ചിട്ടുണ്ട്. ലോക്സഭയിലേക്കില്ലെങ്കില്‍ കര്‍ണ്ണാടകയില്‍ ഏപ്രിലിലില്‍ ഒഴിവ് വരുന്ന സീറ്റുകളിലൊന്നില്‍ നിന്ന് രാജ്യസഭയിലേക്ക് സോണിയ മത്സരിക്കാനുള്ള സാധ്യതയും കാണുന്നു.

ജനറല്‍സെക്രട്ടറിയായി എഐസിസി തലപ്പത്തുണ്ടെങ്കിലും പ്രത്യേക ചുമതല പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിട്ടില്ല. മത്സര സാധ്യത പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്. പ്രിയങ്ക രാജസ്ഥാനില്‍ നിന്ന് മത്സരിക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുകയാണ്. റായ്ബറേലിയിലേക്ക് സോണിയ ഇല്ലെങ്കില്‍ പ്രിയങ്കയെ പരിഗണിച്ചേക്കുമെന്നും കേള്‍ക്കുന്നു. വടക്കേ ഇന്ത്യയിലെ മണ്ഡലങ്ങള്‍ ഗാന്ധി കുടംബം പാടേ ഉപേക്ഷിച്ചാല്‍ അത് പാര്‍ട്ടിക്കുണ്ടാക്കാവുന്ന ക്ഷീണം ചെറുതായിരിക്കില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios