Asianet News MalayalamAsianet News Malayalam

പെഗാസസിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ലോക്സഭാ സ്പീക്കർ, കർഷക വിഷയങ്ങൾ രാജ്യസഭയിൽ

സാധാരണക്കാരുടെ വിഷയം സഭയിൽ ഉയർത്താൻ ബഹളംവയ്ക്കുന്നവർ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. സാധാരണക്കാരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങൾ ഉന്നയിക്കപ്പെടേണ്ട വേദി തടസ്സപ്പെടുത്തുന്നു എന്നാണ് വിമർശനം.

lok sabha speaker om birla against opposition parties protest
Author
Delhi, First Published Aug 10, 2021, 2:43 PM IST

ദില്ലി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിപക്ഷബഹളം തുടരുന്നതിനിടെ രാജ്യസഭയിൽ കാർഷിക വിഷയങ്ങളിൽ ചർച്ച തുടങ്ങി വച്ച് സർക്കാർ. ചർച്ചയോട് സഹകരിക്കാതെ പ്രതിപക്ഷം, പെഗാസസ് ആദ്യം ചർച്ചയ്ക്കെടുക്കണം എന്നതിൽ ഉറച്ച് നിൽക്കുകയാണ്. ഇതോടെ രാജ്യസഭയിൽ വലിയ ബഹളം തുടങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്നാണ് കാർഷിക വിഷയങ്ങളിലെ ചർച്ച രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയത്. 

പെഗാസസ് ഫോൺ നിരീക്ഷണത്തിൽ തുടർച്ചയായി പതിനാറു ദിവസം പാർലമെൻറ് തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷ ബഹളത്തിനെതിരെ ലോക്സഭ സ്പീക്കർ ഓം ബിർള സഭയിൽ ആഞ്ഞടിച്ചു. സാധാരണക്കാരുടെ വിഷയം സഭയിൽ ഉയർത്താൻ ബഹളംവയ്ക്കുന്നവർ അനുവദിക്കുന്നില്ലെന്ന് സ്പീക്കർ കുറ്റപ്പെടുത്തി. സാധാരണക്കാരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങൾ ഉന്നയിക്കപ്പെടേണ്ട വേദി തടസ്സപ്പെടുത്തുന്നു എന്നാണ് വിമർശനം. സീറ്റുകളിലേക്ക് മടങ്ങണമെന്നും വിഷയങ്ങൾ ഉന്നയിക്കാനുള്ള അവസരം നിങ്ങൾ നൽണമെന്നും ഈ രീതി ശരിയല്ലെന്നും പ്രതിപക്ഷത്തോട് സ്പീക്കർ ഓം ബിർള പറഞ്ഞു. 

എന്നാൽ ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പെഗാസസ് നിരീക്ഷണത്തിൽ പല രാജ്യങ്ങളിലും ആശങ്കയുണ്ട്. ചില സ്ഥലങ്ങളിൽ സർക്കാർ മാറ്റത്തിനു പോലും ഇടയാക്കുന്നു. എന്നാൽ ഇന്ത്യയിൽ ഇത് ചർച്ച ചെയ്യാതെ എന്തുകൊണ്ട് ഒളിച്ചോടുന്നതെന്നായിരുന്നു കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ ചോദ്യം. 

ഒബിസി സംവരണ ബിൽ ഒഴികെയുള്ള നടപടികൾ പ്രതിപക്ഷം ലോക്സഭയിലും രാജ്യസഭയിലും തടസ്സപ്പെടുത്തി. പെഗാസസ് നിരീക്ഷണം പാർലമെൻറിൽ ഉന്നയിക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഒബിസി ബിൽ ചർച്ചയ്ക്കിടെയും കോൺഗ്രസ് ഉന്നയിച്ചു. 

 

Follow Us:
Download App:
  • android
  • ios