ദില്ലി: ഉത്തരേന്ത്യയിൽ തണുപ്പ് കൂടിവരുന്നതിനിടെ വഴിയോരത്ത് കഴിയുന്നവർക്ക് കമ്പിളി പുതപ്പ് നൽകി ലോക്സഭാ സ്പീക്കർ ഓം ബിർള. രാത്രിയിൽ ദില്ലിയിലെ എയിംസ് ആശുപത്രിക്ക് സമീപം കിടന്നുറങ്ങുന്നവർക്കാണ് സ്പീക്കർ കമ്പിളി നൽകിയത്. 

"ദില്ലിയിലെ എയിംസ് ആശുപത്രിക്ക് പുറത്ത്, തണുപ്പത്ത് കിടന്നുറങ്ങുന്നവർക്ക് കമ്പിളി പുതപ്പ് നൽ‌കി. പൊതു സഹകരണത്തോടെ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അവരുടെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കുകയല്ല, എന്നാലും അവർക്ക് താൽക്കാലിക ആശ്വാസം നൽകും. ഈ ശ്രമത്തിൽ പങ്കാളികളായ എല്ലാ ഓർഗനൈസേഷനുകൾക്കും നന്ദി"- സ്പീക്കർ ട്വിറ്ററിൽ കുറിച്ചു.  വഴിയോരത്ത് കിടക്കുന്നവരുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ദില്ലിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 800 ഓളം വിമാന സർവീസുകൾ വൈകി. 100 ലധികം ട്രെയിൻ ഷെഡ്യൂളിൽ മാറ്റം വരുത്തി. 17 ട്രെയിനുകൾ രണ്ടു മണിക്കൂർ വൈകിയാണ് ഓടുന്നത്. ദില്ലിയിലേക്കുള്ള 46 വിമാന സർവീസുകൾ ഇതിനോടകം വഴി തിരിച്ചുവിട്ടു.