ലോക്‌പാല്‍ ചെയര്‍പേഴ്‌സണ്‍, എട്ട് സമിതിയംഗങ്ങള്‍ മറ്റ് ജീവനക്കാര്‍ എന്നിവരെല്ലാം ഹോട്ടലിനുള്ളില്‍ സജ്ജമാക്കിയിരിക്കുന്ന ഓഫീസിലിരുന്നാവും ജോലികള്‍ ചെയ്യുക.
ദില്ലി: ഇന്ത്യയില്‍ അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ആദ്യ ലോക്‌പാല്‍ സമിതിയുടെ ഓഫീസാകുക ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍. ചാണക്യപുരിയിലെ അശോകാ ഹോട്ടലിലാണ് ലോക്‌പാല്‍ പ്രവര്‍ത്തിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ലോക്‌പാല്‍ ചെയര്‍പേഴ്‌സണ്‍, എട്ട് സമിതിയംഗങ്ങള്‍ മറ്റ് ജീവനക്കാര്‍ എന്നിവരെല്ലാം ഹോട്ടലിനുള്ളില്‍ സജ്ജമാക്കിയിരിക്കുന്ന ഓഫീസിലിരുന്നാവും ജോലികള്‍ ചെയ്യുക. ഇതൊരു താല്‌ക്കാലിക സംവിധാനം മാത്രമായിരിക്കുമെന്നും ലോക്‌പാലിനുള്ള സ്ഥിരം ഓഫീസ് അധികം വൈകാതെ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 23നാണ് ഇന്ത്യയുടെ ആദ്യ ലോക്‌പാല്‍ അധ്യക്ഷനായി സുപ്രീംകോടതി മുന്‍ ജസ്‌റ്റിസ് പിനാകി ചന്ദ്രഘോഷ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. ലോക്‌പാലിലെ ജുഡീഷ്യല്‍ അംഗങ്ങളായി ഹൈക്കോടതി ജസ്റ്റിസുമാരായിരുന്ന ദിലീപ്. ബി. ഭോസലെ, പ്രദീപ്‌കുമാര്‍ മൊഹന്തി, അഭിലാഷ കുമാരി, അജയ്‌കുമാര്‍ ത്രിപാഠി എന്നിവരും അന്ന് ചുമതലയേറ്റു. അര്‍ച്ചന രാമസുന്ദരം, ദിനേഷ് കുമാര്‍ ജെയിന്‍, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരാണ് നോണ്‍ ജുഡീഷ്യല്‍ അംഗങ്ങള്‍.
