ഹല്‍ദ്വാനി: മിന്നുന്ന വിജയം സ്വന്തമാക്കി നരേന്ദ്രമോദി ഭരണത്തുടര്‍ച്ച നേടിയതിന്‍റെ സന്തോഷത്തില്‍ തന്‍റെ വാഹനത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവര്‍. ഉത്തരാഖണ്ഡില്‍ ജമുന പ്രസാദ് എന്ന ഓട്ടോഡ്രൈവറാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്ന തിയ്യതി വരെ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര പ്രഖ്യപിച്ചത്. 

'പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തുടര്‍ച്ച നേടിയതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗത്തിലെ ജനങ്ങളോടും സംസാരിക്കുന്നു. 130 കോടി ജനങ്ങളെ അദ്ദേഹം ഒരുമിച്ച് ചേര്‍ത്തു. എനിക്ക് ദിവസവും 1000 രൂപ വരെയാണ് വാഹനമോടിച്ച് ലഭിക്കുന്നത്. എന്നാല്‍ അത് ഞാന്‍ വേണ്ടെന്നു വെക്കുകയാണ്.

അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്ന തിയ്യതി വരെ യാത്രക്കാര്‍ക്ക് സൗജന്യയാത്ര നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രസാദ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. വലിയ വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.