ഇടതും കോൺഗ്രസും പിടിക്കുന്ന വോട്ട് 2014 നേതിനേക്കാൾ കുറയുകയും മുസ്ലീം വിഭാഗം മമതക്കൊപ്പം നിൽക്കുകയും ചെയ്താൽ നഷ്ടം ബിജെപിക്കാണ്.

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാനഘട്ടത്തിലെത്തുമ്പോൾ പോരാട്ടം ബംഗാളിനുവേണ്ടിയാണ്. മോദിയും മമതയും വാശിയോടെ പോരടിക്കുമ്പോൾ ശ്രദ്ധേയമാകുന്നത് ബംഗാളിലെ വോട്ടിന്റെ കണക്കും അതിലെ ഉൾപ്പിരിവുകളുമാണ്. 2011 മുതൽ ബിജെപിക്ക് ബംഗാളിൽ വളർച്ചയാണ്. 2011ൽ 4.8 ശതമാനം ആയിരുന്ന എൻഡിഎ വോട്ട് 2014ൽ അത് 16.8 ആയി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പക്ഷേ ഇത് 10.2 ആയി കുറഞ്ഞു. എൻഡിഎക്ക് നഷ്ടമായ വോട്ട് തൃണമൂലിലെത്തി. തൃണമൂലിന് സ്വാഭാവികമായും വോട്ട് കൂടി.

2014ൽ വെവ്വേറെ മൽസരിച്ച ഇടതും കോൺഗ്രസും കൂടി നേടിയ വോട്ട് 39.3 ശതമാനമായിരുന്നു. 2016ൽ രണ്ടുപേരും സഖ്യത്തിലായപ്പോൾ വോട്ട് കുറഞ്ഞു 37.9 ശതമാനം. ബിജെപിയുടേയും തൃണമൂലിന്റേയും പൊതുശത്രുവായിരുന്ന ഇടത് കോൺഗ്രസ് സഖ്യത്തെ തോൽപിക്കാൻ ചിലയിടങ്ങളിൽ തൃണമൂലും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇത്തവണ ഇടത് കോൺഗ്രസ് സഖ്യമില്ല. മമതയുടെ അടിച്ചമർത്തലിനെതിരെ വിരുദ്ധർക്ക് ആശ്രയം എൻഡിഎ മാത്രം. സമീപകാലത്തെ ഉപതെരഞ്ഞെടുപ്പുകളിൽ ,ഇടത് കോൺഗ്രസ് സഖ്യത്തിന് നഷ്ടമായ വോട്ടിലധികവും പോയത് എൻഡിഎക്കാണ്. അതോടൊപ്പം മുസ്ലീം വോട്ടുകൾ തൃണമൂലിലും ഉറച്ചു. തൃണമൂലിന്റെ വോട്ട് പലപ്പോഴും 50 ശതമാനം കവിഞ്ഞു.

ഇടതും കോൺഗ്രസും പിടിക്കുന്ന വോട്ട് 2014 നേതിനേക്കാൾ കുറയുകയും മുസ്ലീം വിഭാഗം മമതക്കൊപ്പം നിൽക്കുകയും ചെയ്താൽ നഷ്ടം ബിജെപിക്കാണ്. പക്ഷേ 2014-ലെ ഇടത് കോൺഗ്രസ് വോട്ടിന്റെ പകുതിയെങ്കിലും പിടിച്ചാൽ ബിജെപിക്ക് 10 സീറ്റിലധികം നേടാം.
ഇതാണ് ബംഗാളിലെ വോട്ട് കണക്കും കളികളും. അതായത് ബിജെപിക്ക് ബംഗാളിൽ വൻ നേട്ടമുണ്ടാക്കണമെങ്കിൽ മമതയുടെ പോക്കറ്റിലെ വലിയൊരു ഭാഗം വേണ്ടിവരും. അതിനുള്ള കളികളാണ് ഇപ്പോഴത്തേത്.