ദില്ലി: ഒന്നര മാസത്തിലേറെ നീണ്ടു നിന്ന് ലോക് സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തിരശ്സീല വീണപ്പോള്‍ നരേന്ദ്രമോദി എതിരാളികളെ അസ്ത്രപ്രജ്ഞരാക്കി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം ഉറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും മോദിയുമായുള്ള ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലാണ് ഒതുങ്ങിയതെങ്കില്‍ ഇത്തവണ സീറ്റു നില 52 ലേക്ക് എത്തിയെന്ന് മാത്രം. പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ച അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തുണയായി സഹോദരി പ്രിയങ്ക ഗാന്ധി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പ്രചാരണപരിപാടികളുമായി രാജ്യത്തുടനീളം സഞ്ചരിച്ചങ്കിലും വിജയം മാത്രം ഒപ്പം നിന്നില്ല. പരമ്പരാഗതമായി കോണ്‍ഗ്രിസിനെ ജയിപ്പിക്കുന്ന അമേഠി അടക്കം നഷ്ടപ്പെട്ടു. അമ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ക്കാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസിന്‍റെ  പരമ്പരാഗത മണ്ഡലം പിടിച്ചെടുത്തത്..

വലിയ പ്ലാനുകള്‍ മാത്രമല്ല, അത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്ന യജ്ഞം ബിജെപി വിജയകരമായി നിര്‍വ്വഹിച്ചുവെന്നാണ് തെരഞ്ഞടുപ്പ് വിജയം സൂചിപ്പിക്കുന്നത്. 2014 ലെ വിജയത്തിന്‍റെ ലഹരിയില്‍ മതിമറക്കാതെ 2019 ലേക്കുള്ള കണക്കുകള്‍ കൂട്ടിയും കുറച്ചും  ബിജെപി കൃത്യമാക്കിയെടുത്തു. ലോക്സഭയില്‍ ആരൊക്കെയാണോ മോദിക്ക് കടുത്ത വെല്ലുവിളിയാകുന്നത് അവരെ കൃത്യമായി ലക്ഷ്യം വച്ച് പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്തിയത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം കഴിഞ്ഞ ലോക്സഭയില്‍ രാഹുലിന്‍റെ ശബ്ദമായി മാറിയ മുന്ന് നേതാക്കളെ വീഴ്ത്തിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജ്യോതി രാദിത്യ സിന്ധ്യ, സുഷ്മിതാ ദേവ് എന്നിവര്‍ ഇക്കുറി ലോക് സഭ കാണില്ലെന്ന് ഉറപ്പിച്ച് പ്രവര്‍ത്തിച്ച ബിജെപി തന്ത്രം കൂടിയായിരുന്നു വിജയം കണ്ടത്, ലോക്സഭയില്‍ വയനാടിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധി എത്തുമ്പോള്‍ കഴിഞ്ഞ ലോക്സഭയില്‍ വലം കൈയ്യായി പ്രവര്‍ത്തിച്ച മൂന്നു പേരും ഇല്ല എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം വലിയ നഷ്ടം തന്നെയാണ്.

കോണ്‍ഗ്രസ് യുവത്വത്തിന്‍റെ മുഖമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ നിയമസഭാ പോരാട്ടത്തില്‍ വര്‍ഷങ്ങള്‍ നീണ്ട ബിജെപിയുടെ അശ്വമേഥത്തിന് കോണ്‍ഗ്രസ് കടിഞ്ഞാണിട്ടത് സിന്ധ്യയുടെ കൂടി മികവിലായിരുന്നു. അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി കസേര നഷ്ടമായ യുവ നേതാവ് സംഘടനാ ചുമതലയേറ്റെടുത്ത് യുപിയിലേക്ക് വണ്ടി കയറുകയായിരുന്നു.  യുപിയില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് പ്രിയങ്കയ്ക്കൊപ്പം ചുക്കാന്‍ പിടിച്ചതും മറ്റാരുമായിരുന്നില്ല. പ്ലെയിന്‍ അപകടത്തില്‍ ഗുണ മണ്ഡലത്തിലെ എംപിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവ റാവു സിന്ധ്യ മരണപ്പെട്ടതിനെത്തുടര്‍ന്നാണ് മകന്‍ ജോതിരാദിത്യ സിന്ധ്യ ആദ്യ  തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. 2002ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്‍റിലേക്ക് എത്തിയ സിന്ധ്യ തോല്‍വി അറിയാതെ മുന്നേറിയത് 17 വര്‍ഷം. 

മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ പോലും ഗുണ കോണ്‍ഗ്രസിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും കൈവിട്ടില്ല. ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഓരോ തവണ മോദിക്കെതിരെ ആഞ്ഞടിക്കുമ്പോഴും ഒപ്പം കരുത്തായി നിന്നത് സിന്ധ്യയായിരുന്നു. പതിറ്റാണ്ടുകളായി സിന്ധ്യ രാജകുടുംബം വിജയിച്ചു പോന്ന ഗുണ പക്ഷേ ഇത്തവണ കോണ്‍ഗ്രസിനെ തഴഞ്ഞു. ബിജെപി സ്ഥാനാർഥി കൃഷ്ണപാൽ സിങ് യാദവ് 1.25 ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സിന്ധ്യയെ തോൽപിച്ചത്. ലോക്സഭയില്‍ രാഹുലിന്‍റെ വലിയ നഷ്ടമാവും ജ്യോതിരാദിത്യ സിന്ധ്യയെന്നത് ഉറപ്പാണ്. സിന്ധ്യയുടെ തോല്‍വിക്ക് കോണ്‍ഗ്രസിലെ സംഘടനാ പ്രശ്നങ്ങളും ബിജെപിക്ക് ഗുണമായെന്നാണ് അങ്ങാടിപാട്ട്.

അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സുഷ്മിതാ ദേവാണ് കോണ്‍ഗ്രസിന്‍റെയും രാഹുലിന്‍റെയും മറ്റൊരു വലിയ നഷ്ടം. അസ്സാമിലെ സിലിച്ചറില്‍ നിന്നുള്ള വനിതാ നേതാവ്, ലോക്സഭയില്‍ മോദിക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെയും രാഹുലിന്‍റെയും എല്ലാ നീക്കങ്ങളെയും മുന്നില്‍ നിന്നും നയിച്ചവരില്‍ ഒരാളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക്സഭയില്‍ ഉയര്‍ന്ന ഉറച്ച ശബ്ദം. സിലിച്ചറില്‍ സുഷ്മിതയെ വീഴ്ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത് രണ്ടു തവണയാണ്.

പാർട്ടി തന്ത്രജ്ഞൻ ഹിമാന്ത ബിശ്വ ശർമയെ സിൽച്ചറിന്റെ പ്രത്യേക മേൽനോട്ടം എൽപിച്ചു. കശ്മീരിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് വോട്ടെടുപ്പിന്‍റെ രണ്ടു ദിവസം മുമ്പ് മണ്ഡലത്തില്‍ ക്യാമ്പു ചെയ്തു പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അതായത് കോണ്‍ഗ്രസിന്‍റെ ഈ വനിതാ നേതാവിനെ ബിജെപിയും മോദിയും അത്രയധികം ഭയപ്പെട്ടിരുന്നുവെന്നര്‍ത്ഥം. കൃത്യമായി നടപ്പിലാക്കിയ പ്ലാനുകളുടെ ലക്ഷ്യത്തിലെത്തിയപ്പോള്‍ ബിജെപിയുടെ രാജ് ദ്വീപ് റോയ് 80,000 ലധികം വോട്ടുകള്‍ക്ക് മണ്ഡലത്തില്‍ വിജയിച്ചു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ബിജെപി ലക്ഷ്യമിട്ട മറ്റൊരാള്‍. കര്‍ണാടകയില്‍ നിന്നെത്തിയ ഖാര്‍ഗെയാണ് കഴിഞ്ഞ ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ കക്ഷി നേതാവായിരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയും സുഷ്മിതാ ദേവും രാഹുലിന്‍റെ സമപ്രായക്കാരാണെങ്കില്‍ മല്ലിഗാര്‍ജുന ഗാര്‍ഗേ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള നേതാവാണ്. റഫേല്‍ വിഷയത്തില്‍ അടക്കം രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ ഒപ്പം നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മുതിര്‍ന്ന നേതാവ്. വളരെ അപ്രതീക്ഷിതമായ തോല്‍വിയാണ് ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ ഗാര്‍ഗേയ്ക്കുണ്ടായത്. മണ്ഡലത്തില്‍ 95452 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഉമേഷ് യാദവ് മല്ലിഗാര്‍ജുന ഗാര്‍ഗേയെ തോല്‍പ്പിച്ചത്. 

മൂന്നു പ്രധാന തോല്‍വികളെന്നതിനേക്കാള്‍ മൂന്നു വിശ്വസ്തരെയാണ് ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടമായത്. കഴിഞ്ഞ ലോക്സഭയില്‍ രാഹുല്‍ ഗാന്ധി, മോദിക്കെതിരെ റഫേല്‍ അടക്കമുള്ള വിഷയങ്ങളുയര്‍ത്തി ആഞ്ഞടിക്കുമ്പോള്‍ വലം കൈയ്യായി നിന്ന് പ്രവര്‍ത്തിച്ച മൂന്നു നേതാക്കള്‍. ഈ നേതാക്കളുടെ തോല്‍വി കോണ്‍ഗ്രസിനും രാഹുലിന് വ്യക്തിപരമായും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.