ദില്ലി: അന്തർ സംസ്ഥാന ഡാമുകളുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന ഡാം സുരക്ഷ ബിൽ ലോകസഭ പാസാക്കി. ഒരു സംസ്ഥാനത്തുള്ള ഡാമിന്‍റെ ഉടമവസ്ഥാവകാശം മറ്റൊരു സംസ്ഥാനത്തിനാണെങ്കിൽ അതിന്‍റെ സുരക്ഷ ചുമതല കേന്ദ്ര സർക്കാരിന് കീഴിലുള്ള ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് ഏറ്റെടുക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ബില്ലിനെതിരെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധിച്ചിരുന്നു. ബിൽ പാസായാൽ കേരളത്തിലെ മുല്ലപ്പെരിയാർ, പറമ്പിക്കുളം, തൂണക്കടവ് ഡാമുകളുടെ സുരക്ഷ കേന്ദ്രം ഏറ്റെടുത്തേക്കാം. 

തൊഴിലാളികളുടെ അടിസ്ഥാന വേതനം നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് നൽകുന്ന വേതന കോഡ് ബിൽ രാജ്യസഭയും ഇന്നലെ പാസാക്കി. പുതിയ വേതന നയം നിലവിൽ വരുന്നതോടെ ഭൂമിശാസ്ത്രവും, വൈദഗ്ധ്യവും അടിസ്ഥാനമാക്കിയാകും വേതനം നിശ്ചയിക്കുക. ബില്ലിനെതിരെ ഇടതു പാർട്ടികൾ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചിരുന്നു.