കോയമ്പത്തൂർ: തമിഴ്നാട്ടിൽ ട്രക്കിം​ഗ് സംഘത്തിന് നേരെ ഇടഞ്ഞ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. ​ഗണപതി മാ ​ന​ഗർ സ്വദേശിയായ നാൽപതുകാരി പി ഭുവനേശ്വരിയാണ് ഒറ്റക്കൊമ്പന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലെ പാലമല റിസേർവ് ഫോറസ്റ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം.

ഭർത്താവും സുഹൃത്തുക്കളുമടങ്ങിയ എഴ​ഗസംഘത്തിനൊപ്പം പാലമലയിൽ ട്രക്കിം​ഗിനെത്തിയതായിരുന്നു ഭുവനേശ്വരി. അവധി ദിവസങ്ങളിൽ ഭുവനേശ്വരിയും ബിസിനസ്സുകാരനായ ഭർത്താവ് എ പ്രശാന്തും സുഹൃതേതുക്കൾക്കൊപ്പം ട്രക്കിം​​ഗിന് പോകുന്നത് പതിവാണ്. അപകടം നടന്ന ദിവസം രാവിലെ ആറുമണിക്കാണ് ഭുവനേശ്വരിയും സംഘവും പാലമലയിൽ എത്തുന്നത്. രണ്ടു കാറുകളിലായാണ് സംഘം പുറപ്പെട്ടത്.

റോഡറികിൽ കാർ നിർത്തിയ സംഘം നാല് കിലോമീറ്ററോളം കാടിനുള്ളിലേക്ക് നടന്ന് പാലമല അരങ്കനാഥർ ക്ഷേത്രത്തിലെത്തി. അവിടുന്ന് രാവിലെ എഴരയോടെ സംഘം കുഞ്ചുർപതി-മാങ്കുഴി റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് വഴിയിൽ ഒറ്റകൊമ്പനെ കാണുന്നത്. ഭുവനേശ്വരിയെയും സുഹൃത്തുക്കളെയും കണ്ട ആന, സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയുടെ വരവ് കണ്ട് പേടിച്ച സംഘം 
അവിടെനിന്നും ചിതറി ഓടി.

ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി ഭുവനേശ്വരി അടുത്തുള്ളൊരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. എന്നാൽ, ഇതിനിടെ ഭുവനേശ്വരിയെ ആന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരി സംഭവസ്ഥത്തുവച്ചുതന്നെ മരിച്ചിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട സംഘത്തിലുള്ള മറ്റുള്ളവർ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.