Asianet News MalayalamAsianet News Malayalam

'രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഉണ്ടാകില്ല', രാഹുലിന്‍റെ പ്രതികരണം

അയോധ്യയിലെ ക്ഷേത്രനിർമാണത്തെ അനുകൂലിച്ച പ്രിയങ്കാ ഗാന്ധിയുടെ നിലപാടിന് കടകവിരുദ്ധമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാമന്‍റെ ഗുണഗണങ്ങളെ വാഴ്ത്തുന്നതിനൊപ്പം രാഷ്ട്രീയനിലപാട് കൂടി വ്യക്തമാക്കുന്നു രാഹുൽ.

lord ram is justice he will never stand with injustice says rahul gandhi on ayodhya pooja day
Author
New Delhi, First Published Aug 5, 2020, 1:32 PM IST

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയെക്കുറിച്ച് നിലപാട് പരോക്ഷമായി വ്യക്തമാക്കി രാഹുൽ ഗാന്ധി. രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഒരിക്കലും ഉണ്ടാകില്ലെന്നും രാഹുൽ പറയുന്നു. അയോധ്യയിലെ ക്ഷേത്രനിർമാണത്തെ അനുകൂലിച്ച പ്രിയങ്കാ ഗാന്ധിയുടെ നിലപാടിന് കടകവിരുദ്ധമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാമന്‍റെ ഗുണഗണങ്ങളെ വാഴ്ത്തുന്നതിനൊപ്പം പരോക്ഷമായി രാഷ്ട്രീയനിലപാട് കൂടി വ്യക്തമാക്കുന്നു രാഹുൽ.

രാഹുലിന്‍റെ ട്വീറ്റ് ഇങ്ങനെ:

''മര്യാദാപുരുഷോത്തമൻ എന്ന് വിളിക്കപ്പെടുന്ന ഭഗവാൻ രാമൻ മനുഷ്യഗുണങ്ങളുടെ മൂർത്തരൂപമാണ്. നമ്മുടെ മനസ്സിന്‍റെ ആഴങ്ങളിലുള്ള മനുഷ്യത്വത്തിന്‍റെ പ്രകടരൂപമാണ്. 

രാമൻ എന്നാൽ സ്നേഹമാണ്,
അദ്ദേഹം വെറുപ്പിനൊപ്പം ഒരിക്കലുമുണ്ടാകില്ല.

രാമൻ എന്നാൽ കരുണയാണ്,
അദ്ദേഹം ക്രൂരതയ്ക്ക് ഒപ്പം ഒരിക്കലുമുണ്ടാകില്ല.

രാമൻ എന്നാൽ നീതിയാണ്,
അദ്ദേഹം അന്യായത്തിനൊപ്പം ഒരിക്കലും ഉണ്ടാകില്ല''.

രാമക്ഷേത്രനിർമാണത്തെ അനുകൂലിച്ചുകൊണ്ടുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയുടെ ട്വീറ്റ് കേരളത്തിൽ മുസ്ലീംലീഗിന്‍റെയടക്കം അതൃപ്തിയ്ക്ക് കാരണമായിരുന്നു. അയോധ്യയിലെ ഭൂമിപൂജയുടെ മുഹൂർത്തം രാജ്യത്തിന്‍റെ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സാംസ്കാരികസമന്വയത്തിന്‍റെയും അടയാളമാണെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. 

''കാലാന്തരങ്ങളായി ശ്രീരാമൻ ഇന്ത്യയുടെ ഐക്യത്തിന്‍റെ അടയാളമാണ്. രാമൻ എല്ലാവരുടേതുമാണ്. എല്ലാവരുടെയും നന്മയാണ് ശ്രീരാമന്‍റെ ലക്ഷ്യം. അതുകൊണ്ടാണ് അദ്ദേഹത്തെ മര്യാദാപുരുഷോത്തമൻ എന്ന് വിളിച്ചത്. ഓഗസ്റ്റ് 5-ന് അയോധ്യാക്ഷേത്രനിർമാണത്തിന്‍റെ ഭൂമിപൂജ നടക്കുകയാണല്ലോ. ഇത് ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സാംസ്കാരികസമന്വയത്തിന്‍റെയും അടയാളമാകു''മെന്നും പ്രിയങ്ക വ്യക്തമാക്കി. 

ദില്ലിയിലെ വസതിയിൽ നിന്ന് മാറിയ ശേഷം, ലഖ്‍നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും 2022-ൽ നടക്കാനിരിക്കുന്ന അടുത്ത യുപി നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാനും ലക്ഷ്യമിട്ടാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ യുപിയുടെ ചുമതല പ്രിയങ്കാ ഗാന്ധിയ്ക്കായിരുന്നു. യോഗി ആദിത്യനാഥിന്‍റെ പക്കലുള്ള യുപി തിരികെപ്പിടിക്കാൻ മൃദുഹിന്ദുത്വനിലപാട് തന്നെ സ്വീകരിച്ചേ തീരൂ എന്ന് പ്രിയങ്ക തിരിച്ചറിയുന്നുണ്ട്. അതിനാൽത്തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നത്. കോൺഗ്രസിന്‍റെ എല്ലാ പദവികളിൽ നിന്നും മാറി നിൽക്കുന്ന രാഹുൽ ഗാന്ധിയാകട്ടെ, രാമക്ഷേത്രനിർമാണത്തെക്കുറിച്ച് കടുത്ത നിലപാട് തന്നെ സ്വീകരിക്കുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios