കുറച്ചധികം കഞ്ചാവ് കളഞ്ഞുകിട്ടിയിട്ടുണ്ട്, തെളിവു സഹിതം ബന്ധപ്പെടുക. ഇങ്ങനെ ഒരു പരസ്യം കേള്‍ക്കാന്‍ സാധ്യത വളരെ കുറവാണ്.

ദില്ലി: കുറച്ചധികം കഞ്ചാവ് കളഞ്ഞുകിട്ടിയിട്ടുണ്ട്, തെളിവു സഹിതം ബന്ധപ്പെടുക. ഇങ്ങനെ ഒരു പരസ്യം കേള്‍ക്കാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ അങ്ങനെ 'പരസ്യം' ട്വിറ്ററിലൂടെ നല്‍കിയിരിക്കുകയാണ് അസം പൊലീസ്.

'ചങ്കോളിയ ചെക്ക് പോസ്റ്റിന് സമീപത്തായി ആരുടെയെങ്കിലും 590 കിലോ കഞ്ചാവടങ്ങുന്ന ട്രക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പേടിക്കേണ്ട. അത് ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ദുബ്രി പൊലീസുമായി ബന്ധപ്പെടുക. അവര്‍ നിങ്ങളെ സഹായിക്കും ഉറപ്പ്'- ഇങ്ങനെയായിരുന്നു അസം പൊലീസിന്‍റെ ട്വീറ്റിന്‍റെ പൂര്‍ണരൂപം.

അമ്പത് ബാഗുകളിലായി സൂക്ഷിച്ച 590 കിലോ കഞ്ചാവാണ് ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്. 

കേരള പൊലീസ് ട്രോളന്‍മാരെ കുറിച്ചറിയാത്തവര്‍ ചുരുക്കമാണ്. എന്ത് സംശയങ്ങള്‍ക്കും വളരെ രസകരമായി മറുപടി തരുന്ന ട്രോളുകള്‍ കൊണ്ട് കാര്യം പറയുന്ന കേരളാ പൊലീസ്. ഇങ്ങനെ തമാശ രൂപത്തില്‍ കാര്യം പറഞ്ഞ് ആളുകളിലെത്തിക്കുന്ന രീതി പൊലീസ് സേനയിലാകെ വ്യാപിക്കുന്ന സൂചനയാണ് വരുന്നത്.

മുംബൈ പൊലീസും ഈ പാതയിലെത്തിയിട്ട് കുറച്ചു ദിവസമായി. ഇപ്പോഴിത അസം പൊലീസും ഇതേ പാത പിന്തുടരുകയാണ്.