പനജി: സീതയെ ലങ്കയില്‍ നിന്ന് അയോധ്യയിലെത്തിക്കാന്‍ ശ്രീരാമനെ സഹായിച്ചത് താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രമാണെന്നും ഒരൊറ്റ മേല്‍ ജാതിക്കാരും രാമനെ സഹായിച്ചില്ലെന്നും ഗോവന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്. ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യ ഔദ്യോഗിക പരിപാടിയിലാണ് സത്യപാല്‍ മലിക്കിന്‍റെ അഭിപ്രായ പ്രകടനം. പോണ്ട നഗരത്തില്‍ സംഘടിപ്പിച്ച ആദിവാസി സ്റ്റുഡന്‍റ് കോണ്‍ഫറന്‍സിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം.

രാജ്യം മുഴുവന്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്‍റെ ചര്‍ച്ചയാണ്. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള മഹന്തുകളുടെയും സന്ന്യാസിമാരുടെയും അഭിപ്രായം ഞാന്‍ ദിവസവും കേള്‍ക്കുന്നു. എന്നാല്‍ രാമനെ സഹായിച്ച കേവാത്ത്, ശബരി എന്നിവരുടെ പ്രതിമയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. സീതയെ രാവണന്‍ തട്ടിക്കൊണ്ട് പോകുമ്പോള്‍ രാമന്‍റെ സഹോദരനാണ് അയോധ്യ ഭരിക്കുന്നത്. ഒരു പട്ടാളക്കാരന്‍ പോലും സഹായത്തിനെത്തിയില്ല. ജാതിയില്‍ താഴ്ന്നവരായ ആദിവാസികളാണ് രാമനെ സഹായിച്ചത്.

രാമനെ സഹായിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ട കേവാത്തിന്‍റെയും ശബരിയുടെയും പ്രതിമ രാമക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗംഗാനദി മുറിച്ചുകടക്കാന്‍ രാമനെയും ലക്ഷ്മണനെയും സഹായിച്ച തോണിക്കാരനാണ് കേവാത്ത്. ശബരി രാമന്‍റെ അടുത്ത സഹായിയുമായിരുന്നു. രാമനെ മര്യാദപുരുഷോത്തമനാക്കിയതും ആദിവാസികളാണെന്ന് അദ്ദേഹം പറഞ്ഞു.