ദില്ലി: അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് പ്രവചനം. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ കീഴിലുള്ള പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രമാണ് (RSMC) ഇക്കാര്യം അറിയിച്ചത്. 

തെക്കന്‍ ആന്‍ഡമാന്‍ കടലിനും പ്രാന്തപ്രദേശങ്ങളിലുമായി അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. ഇവ കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയും ഡിപ്രെഷന്‍ ആകുകയും പിന്നീട് കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

ഇത് ആദ്യ മൂന്ന് ദിവസങ്ങളില്‍ വടക്ക്-വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും അതിനെത്തുടര്‍ന്ന്  വടക്ക് -വടക്ക് കിഴക്കന്‍ ദിശയില്‍ മ്യാന്‍മര്‍ തീരത്തേയ്ക്ക് നീങ്ങുകയും ചെയ്യും. മല്‍സ്യ തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും പ്രാന്തപ്രദേശങ്ങളിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

മാഡെന്‍ ജൂലിയന്‍ ആന്തോളനം(എംജെഒ) അതിന്റെ നാലാമത്തെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.  സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസമാണ് മാഡെന്‍ ജൂലിയന്‍ ആന്തോളനം (MJO). ഇത് മഴമേഘങ്ങള്‍, കാറ്റ്, മര്‍ദ്ദം എന്നിവയുടെ കിഴക്കോട്ട് നീങ്ങുന്ന അസ്വസ്ഥതയെ സൂചിപ്പിക്കുന്നു. അടുത്ത മൂന്നു ദിവസത്തേക്കും എംജെഒ നാലാമത്തെ ഘട്ടത്തില്‍ തന്നെ തുടരും. തുടര്‍ന്ന് 5,6 ഘട്ടങ്ങളിലൂടെ കടന്ന്  എംജെഒ അതിന്റെ ഏഴാമത്തെ ഘട്ടത്തില്‍ എത്തിച്ചേരും. അതുകൊണ്ടു തന്നെ അടുത്ത മൂന്നു ദിവസത്തേക്ക് എംജെഒ ഈ സംവഹന പ്രക്രിയക്ക് സഹായകരമാകും. 

ഇന്ന് വൈകിട്ട് 7 മണി വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍  40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും അതിനോടനുബന്ധിച്ചു ഇടിമിന്നലും  ഉണ്ടാകാന്‍ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.