Asianet News MalayalamAsianet News Malayalam

ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

മെയ് 5 വരെ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ ന്യൂനമർദം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

low pressure area over south andaman sea
Author
Delhi, First Published May 1, 2020, 6:25 PM IST

ദില്ലി: ദക്ഷിണ ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി ന്യൂനമർദം രൂപം കൊണ്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വളരെ പതുക്കെ മാത്രമാണ് ന്യൂനമർദം ശക്തി പ്രാപിക്കുന്നത്. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം ശരിയായ രീതി വികസിക്കുകയും ശേഷമുള്ള 48 മണിക്കൂറിൽ അതൊരു ശക്തമായ ന്യൂനമർദം ആയി മാറുമെന്നും പ്രതീക്ഷിക്കുന്നു. 

മെയ് 5 വരെ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ ന്യൂനമർദം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമർദത്തിന്റെ പ്രഭാവം ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 5 ദിവസം വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെ തുടർന്നുള്ള അപ്‌ഡേറ്റുകൾ ശ്രദ്ധിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിർദേശം കർശനമായി പാലിക്കുകയും വേണം.

നിലവിൽ കേരളത്തെ ഈ ന്യൂനമർദം സ്വാധീനിക്കാനുള്ള സാധ്യതയില്ല. തെറ്റായ വാർത്തകളും വ്യാജപ്രചാരണവും നടത്തരുതെന്നും  ഔദ്യോഗിക സന്ദേശങ്ങൾ മാത്രം അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്  ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios