ചെന്നൈ: എൻഡിഎയിൽ ചേരുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കരുണാനിധിയുടെ മകൻ എം കെ അളഗിരി. ഡിഎംകെ പാർട്ടി ഉന്നതാധികാരസമിതി യോഗം വിളിച്ചതിന് പിന്നാലെയാണ് അളഗിരിയുടെ  പ്രതികരണം. ഡിഎംകെ യുടെ തുടർനീക്കങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കാനാണ് അളഗിരിയുടെ തീരുമാനം.  

വിമത നീക്കങ്ങളുടെ പേരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് 2014 ലാണ് അളഗിരിയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കുന്നത്. പിന്നാലെ സ്റ്റാലിന്‍റെ നേതൃത്വത്തിനെതിരെ പരസ്യമായി അളഗിരി രംഗത്തെത്തിയിരുന്നു. അളഗിരിയുടെ ബിജെപി പ്രവേശനം സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ഡിഎംകെ പാർട്ടി ഉന്നതാധികാരസമിതി യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചെന്നൈയിൽ ഡിഎംകെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കും. അളഗിരിക്കായി എന്‍ഡിഎ ചരടുനീക്കം തുടങ്ങിയതോടെ അദ്ദേഹത്തെ ഡിഎംകെയില്‍ തിരിച്ചെടുക്കണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. 

മുൻ കേന്ദ്ര മന്ത്രിയും ഡിഎംകെയുടെ ദക്ഷിണ മേഖലാ ചുമതലയുമുണ്ടായിരുന്ന നേതാവിനെ ഒപ്പമെത്തിക്കുന്നത് ഡിഎംകെയുടെ വോട്ടുചോർച്ചയ്ക്ക് വഴിവയ്ക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മധുരയിൽ അളഗിരിയുടെ വസതിയിൽ എത്തി ബിജെപി ചർച്ച നടത്തിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവും ഫോണിൽ അളഗിരിയുമായി സംസാരിച്ചതായാണ് വിവരം.