Asianet News MalayalamAsianet News Malayalam

'അവർ രാജ്യത്തോട് കൂറുള്ളവർ, രാജ്യദ്രോഹക്കുറ്റംചുമത്തിയത് അപകടകരം'; എംകെ സ്റ്റാലിൻ

എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ, ചലച്ചിത്രകാരൻമാരായ അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം, അപർണ സെൻ,ശ്യാം ബെനഗൽ, അനുരാഗ് കശ്യപ്, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, കനി കുസൃതി തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. 

M K Stalin response against central government over sedition case against 49 celebrities
Author
Chennai, First Published Oct 5, 2019, 5:00 PM IST

ചെന്നൈ: രാജ്യത്തോട് കൂറും സ്നേഹവുമുള്ള കലാകാരന്‍മാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഏറ്റവും അപകടകരമായ സ്ഥിതി വിശേഷമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. സര്‍വാധികാരികളായി ഭരണം നടത്തിയിരുന്നവരെല്ലാം ജനാധിപത്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞതാണ് ചരിത്രമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ, ചലച്ചിത്രകാരൻമാരായ അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം, അപർണ സെൻ,ശ്യാം ബെനഗൽ, അനുരാഗ് കശ്യപ്, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, കനി കുസൃതി തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ജൂലൈ 23 ന‌ാണ് ഇവര്‍ മോദിക്ക് തുറന്നകത്ത് എഴുതിയത്.

Read More: അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ചു; അമ്പതോളം പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരേ നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെതിരേ കത്തിൽ വിമർശനമുണ്ടായിരുന്നു. ആൾക്കൂട്ടാക്രമണങ്ങളെ പാർലമെന്റിൽ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്നും അതു തടയാൻ കർശനനടപടികൾ സ്വീകരിക്കതണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സര്‍ക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല കത്തെഴുതിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യവിരുദ്ധവും നീതിന്യായവ്യവസ്ഥയെ തന്നെ സംശയിച്ചുപോകുന്നതുമായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കേസ് പേടിപ്പിക്കാനും ബുദ്ധിമുട്ടിക്കാനും മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് അപർണാ സെന്നും അഭിപ്രായപ്പെട്ടു. പ്രശസ്തർക്കെതിരേ കേസുകൊടുത്ത് മാധ്യമങ്ങളിൽ പേരുവരുത്താൻ ശ്രമിക്കുന്നയാളാണ് കേസിലെ ഹർജിക്കാരനെന്നും അപർണാ സെൻ കുറ്റപ്പെടുത്തി.

കേസെടുത്തതിനെ വിമർശിച്ച് പ്രതിപക്ഷനേതാക്കളും സാമൂഹികപ്രവർത്തകരും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് രാഹുല്‍ ഗാന്ധി എംപി അഭിപ്രായപ്പെട്ടു. നേതാവിനും പതിനഞ്ച് പേർക്കും മാത്രമുള്ളതല്ല ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നയമാണ് നരേന്ദ്ര മോദിയുടേത്. കോൺഗ്രസ് മറുപക്ഷത്താണുള്ളത്. വൈവിധ്യമാണ് കോൺഗ്രസ് എല്ലാ കാലവും ഉയർത്തുന്ന നയം. രാജ്യത്തെ സാമ്പത്തിക ഭദ്രത ഇല്ലാതാക്കിയതിൽ നരേന്ദ്ര മോദി മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Read more: 'മോദിക്കെതിരെ പറയുന്നവരെ ജയിലിലിടുന്ന അവസ്ഥ' ; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിച്ചതെന്ന് വ്യക്തമാണെന്ന് സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സ്വൈരജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം ആദരിക്കുന്ന പ്രതിഭാശാലികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ നടപടി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാല്‍പ്പത്തൊമ്പത് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി ഭീതിജനകവും, നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മോദി രാജ്യത്തെ അപരിഷ്‌കൃതത്വത്തിലേക്ക് തള്ളിയിടുകയാണ്. അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More: മോദിക്ക് കത്തെഴുതിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം; കേന്ദ്രത്തിനെതിരെ വിമർശനപ്രവാഹം

രാജ്യത്തെ പ്രമുഖ കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണെന്നായിരകുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്  ആശങ്കാജനകമെന്ന്  സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പ്രതികരിച്ചു. സാംസ്കാരിക പ്രവർത്തകർക്കുമേൽ രാജ്യദ്രോഹ കേസ് ചുമത്തിയതടക്കമുള്ള വിഷയങ്ങളെ നേരിടുന്നതിന് രാജ്യത്തെ മതേതര ശക്തികളുടെ യോജിച്ച വേദി വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios