പൗരത്വ നിയമ ഭേ​ദ​ഗതിയെ പിന്തുണച്ച് രാജ്​ഗഡിൽ നടത്തിയ റാലിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരെ തല്ലിയ രണ്ട് വനിതാ ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ബിജെപി രം​ഗത്തെത്തിയിരുന്നു.

ഭോപ്പാൽ: പൗരത്വ നിയമ ഭേ​ദ​ഗതിയെ പിന്തുണച്ച് നടത്തിയ റാലിയിൽ പങ്കെടുത്തവരെ മർദ്ദിച്ച സംഭവത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കില്ലെന്ന് മധ്യപ്രദേശ് സർക്കാർ. രാജ്ഗഡ് ജില്ലാ കളക്ടർ നിധി നിവേദിത, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രിയ വർമ എന്നിവർക്കെതിരെ മധ്യപ്രദേശ് സർക്കാർ എഫ്‌ഐആർ ഫയൽ ചെയ്യില്ലെന്ന് സംസ്ഥാന നിയമമന്ത്രി പി സി ശർമ വ്യക്തമാക്കി.

പൗരത്വ നിയമ ഭേ​ദ​ഗതിയെ പിന്തുണച്ച് രാജ്​ഗഡിൽ നടത്തിയ റാലിയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകരെ തല്ലിയ രണ്ട് വനിതാ ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ബിജെപി രം​ഗത്തെത്തിയിരുന്നു. മുൻ ബിജെപി എംഎൽഎ അടക്കമുള്ള പ്രവർത്തകരെയാണ് ഉദ്യോ​ഗസ്ഥർ തല്ലിയതെന്നും ബിജെപി ആരോപിച്ചു. എന്നാൽ, റാലിയിൽ പങ്കെടുത്തവരുടെ ആക്രമണത്തിൽനിന്ന് രണ്ട് ഉദ്യോ​ഗസ്ഥരും സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്ന് പിസി ശർമ്മ പറഞ്ഞു.

Scroll to load tweet…

സ്ത്രീകളെ അപമാനിക്കുന്നത് ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും സംസ്കാരമാണ്. സർക്കാർ രണ്ട് ഉദ്യോ​ഗസ്ഥർക്കുമെതിരെ കേസെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിരോധനാജ്ഞ ലംഘിച്ച് പ്രദേശത്ത് റാലി സംഘടിപ്പിച്ച 650 പേർ‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ത്രിവർണ പതാക പിടിച്ച് റാലിയിൽ പങ്കെടുത്ത ഓരോരുത്തരേയായി അറസ്റ്റ് ചെയ്ത് നീക്കുന്ന ഉദ്യോ​ഗസ്ഥരുടെ 
വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇതിൽ 150ഓളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Read More: ആരാണ് പ്രിയ വർമ്മ? മധ്യപ്രദേശിൽ നിന്നും വൈറലായ 'സബ് കളക്ടറെ ആക്രമിക്കുന്ന' വീഡിയോയ്ക്ക് പിന്നിലെ സത്യം

സർക്കാർ ഉദ്യോ​ഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് രണ്ട് ബിജെപി നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് റാലി നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമീപിച്ചിരുന്നെങ്കിലും നിരോധനാഞ്ജ നിലനിൽക്കുന്നതിനാൽ അനുമതി നിരസിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, ഉദ്യോ​ഗസ്ഥരുടെ നടപടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചാൽ രാജ്ഗഡിലേക്ക് മാർച്ച് നടത്തുമെന്നും മുതിർന്ന ബിജെപി നേതാക്കളായ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന പ്രസിഡന്റ് രാകേഷ് സിംഗ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ അറിയിച്ചു.